സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

single-img
15 December 2017

ഇന്നു മുതല്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് മഴക്കാല മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍, വൈപ്പറുകള്‍, ബ്രേക്കുകള്‍ എന്നിവ നിര്‍ബന്ധമായും പരിശോധിച്ച് എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ് വാഹന ഉടമകളോടും ഡ്രൈവര്‍മാരോടും ആവശ്യപ്പെട്ടു.

കാലാവസ്ഥാ മാറ്റം അനുഭവപ്പെടുമ്പോള്‍ സുരക്ഷാ നിയമങ്ങളും ട്രാഫിക് നടപടിക്രമങ്ങളും കര്‍ശനമായി പിന്തുടരുന്നതോടൊപ്പം വാഹനങ്ങളുടെ വേഗം കുറയ്ക്കുക, മുന്‍പിലുള്ള വാഹനങ്ങളുമായി മതിയായ സുരക്ഷാ ദൂരം പാലിച്ച് ഡ്രൈവ് ചെയ്യുക, റോഡില്‍ ലൈന്‍ മാറുന്നതിന് മുന്‍പ് ഇന്‍ഡിക്കേറ്ററിട്ട് മുന്‍കൂട്ടി സൂചന നല്‍കുകയും സുരക്ഷിതമാണെന്നുറപ്പാക്കുകയും ചെയ്യുകയും വേണമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ അല്‍ ഖൈലി അറിയിച്ചു.

അസ്ഥിര കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം മോശം ഡ്രൈവിങ് സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ട്രാഫിക് പൊലീസ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റടിക്കുന്നതിനാല്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. സമുദ്ര തീരങ്ങളിലും രാജ്യത്തിന്റെ വടക്ക് കിഴക്ക് പ്രദേശങ്ങള്‍, ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു.

കാലവര്‍ഷ പ്രതീതിയുളവാക്കുന്ന അസ്ഥിരാവസ്ഥ ഇന്നലെ വടക്കന്‍ എമിറേറ്റു മേഖലയില്‍ ഉണ്ടായെങ്കിലും തലസ്ഥാന നഗരിയിലും പരിസര മേഖലകളിലും ഇന്നലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്.