സൗദി ജയിലില്‍ ചെയ്യാത്ത കുറ്റത്തിനു പാലക്കാട് സ്വദേശി കിടന്നത് മാസങ്ങളോളം: ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ മോചനം

single-img
14 December 2017

പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചാണ് പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് മാസങ്ങളോം സൗദി ജയിലില്‍ അടച്ചത്. തെക്കന്‍ സൗദിയിലെ അബ്ഹയില്‍ സ്വദേശിയുടെ വീട്ടുഡ്രൈവറായ യാക്കൂബിനാണ് ഈ ദുരനുഭവം ഉണ്ടായത്.

ഇഖാമ പുതുക്കാനായി ചെന്നപ്പോഴാണ് അറസ്റ്റിലായത്. താന്‍ ഒരിക്കലും പോയിട്ടില്ലാത്ത കിഴക്കന്‍ സൗദി മേഖലയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്നായിരുന്നു കുറ്റമെന്ന് യാക്കൂബ് പറയുന്നു. ജാമ്യം പോലും കിട്ടില്ലെന്നറിഞ്ഞതോടെ സ്‌പോണ്‍സര്‍ കയ്യൊഴിഞ്ഞു.

തുടര്‍ന്നാണു പ്ലീസ് ഇന്ത്യ സംഘടന ഇടപെട്ടത്. യാക്കൂബ് അബ്ഹ വിട്ട് എങ്ങും പോയിട്ടില്ലെന്നു സ്‌പോണ്‍സറുടെ സാക്ഷ്യപത്രം ഇവര്‍ വാങ്ങിയതോടെ വ്യാജക്കേസാണെന്നു പൊലീസിനു ബോധ്യപ്പെടുകയായിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങണമെന്ന യാക്കൂബിന്റെ അഭ്യര്‍ഥന മാനിച്ച് ഉടന്‍തന്നെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കു മാറ്റി.

ഇതിനിടെ, സാമൂഹികപ്രവര്‍ത്തകര്‍ വീണ്ടും സ്‌പോണ്‍സറുമായി സംസാരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യാക്കൂബിനെ വീണ്ടും ജോലിക്കെടുക്കാമെന്നു സമ്മതിച്ചു. കേസുകളെല്ലാം പിന്‍വലിക്കുകയും ഇഖാമ പുതുക്കുകയും ചെയ്തശേഷം യാക്കൂബ് ജോലി തുടരുമെന്നു സാമൂഹികപ്രവര്‍ത്തകര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.