സൗദിയിലെ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ കൂടും

single-img
14 December 2017

സൗദിയിലെ പ്രവാസികളുടെ ജീവിതച്ചെലവ് അടുത്ത മാസം മുതല്‍ കുത്തനെ കൂടും. വൈദ്യുതി, പെട്രോള്‍ വിലയോടൊപ്പം അവശ്യവസ്തുക്കളുടെ വിലയും കൂടുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത്. വൈദ്യുതി, പെട്രോള്‍ സബ്‌സിഡി എടുത്തു കളഞ്ഞതാണ് ജീവിതച്ചെലവ് കൂടാന്‍ പ്രധാന കാരണം.

ഇതോടെ ഇടത്തരം വരുമാനമുള്ള പ്രവാസികള്‍ക്കും കുടുംബവുമായി കഴിയുന്നവര്‍ക്കും വിലക്കയറ്റം പ്രതിസന്ധിയാകും. വൈദ്യുതി സബ്‌സിഡി എടുത്തു കളഞ്ഞതോടെ ബില്‍ തുക ഇരട്ടിയിലേറെയായാണ് വര്‍ധിക്കുക. കഴിഞ്ഞ ദിവസമാണ് സബ്‌സിഡി എടുത്തു കളയാന്‍ തീരുമാനിച്ചത്.

അടുത്ത മാസം ആദ്യം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലാകും. 1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലാണ് മാസം അടക്കേണ്ടത്. ഇത് 180 റിയാലാകും. രണ്ടായിരം യൂണിറ്റ് ഉപയോഗിക്കുന്നവരുടേത് നൂറ് റിയാലില്‍ നിന്ന് 360 റിയാലായി ഉയരും.

മുവ്വായിരം യൂണിറ്റുപയോഗിച്ചാല്‍ 540 റിയാലാണ് ബില്‍. അയ്യായിരം റിയാലിന് തുക അഞ്ഞൂറില്‍ നിന്ന് 9000 ആയി ഉയരും. ഇതിനു പുറമെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആറായിരം യൂണിറ്റ് വരെ ഓരോ യൂണിറ്റിനും 188 ഹലലയാണ് പുതിയ നിരക്ക്. ഇതിന് മുകളില്‍ ഓരെ യൂണിറ്റിനും 30 ഹലലയായി ഉയരും.

പെട്രോളിന്റെ സബ്‌സിഡിയും എടുത്തു കളയുന്നതോടെ വിലയും കൂടും. രാജ്യത്തെ പ്രവാസികളെല്ലാം എസിയും വാഷിങ് മെഷീനും, ഫ്രിഡ്ജും ഹീറ്ററുമെല്ലാം ഉപയോഗിക്കുന്നവരാണ്. ഇതിന്റെ ഉപയോഗത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ജീവിതച്ചിലവ് കൂടും. മാത്രവുമല്ല, പെട്രോള്‍, വൈദ്യുതി വിലയേറ്റത്തോടെ വിപണിയിലും വിലയേറും.

ഗതാഗതത്തിനും ഉത്പാദത്തിനും ഊര്‍ജമുപയോഗക്കുന്നവരെല്ലാം ഉത്പന്നങ്ങള്‍ക്ക് ഗണ്യമായി വിലകൂട്ടിയേക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ പറയുന്നു. ഇതോടെ പ്രവാസികളുടെ നടുവൊടിയും. ഭരണകൂടത്തിന്റെ തീരുമാനത്തോടെ പ്രവാസികള്‍ വാഹനമോട്ടവും കുറക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബവുമായി രാജ്യത്ത് താമസിക്കുന്നവര്‍ക്കും വിലവര്‍ധന തിരിച്ചടിയാകും.

രാജ്യത്ത് പ്രവാസികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിക്ക് പിന്നാലെയാണ് സബ്‌സിഡികള്‍ എടുത്തു കളയുന്നത്. ജനുവരിയില്‍ വാറ്റ് പ്രാബല്യത്തിലാകുന്നതോടെ ഉത്പന്നങ്ങളുടെ വിലയില്‍ അഞ്ച് ശതമാനം വര്‍ധനയുണ്ടാകുന്നത് ഇതിന് പുറമെയാണ്. വിദേശികളില്‍ ഭൂരിഭാഗത്തിനും തീരുമാനം നേരിട്ട് ബാധിക്കില്ല. ഇവര്‍ക്കായി പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു.