മൂന്ന് ഇരട്ടസെഞ്ചുറികളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് രോഹിതിന്റെ മറുപടി ഇങ്ങനെ

single-img
14 December 2017

മൊഹാലിയില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇരട്ടസെഞ്ചുറി നേടിയ ശേഷമാണ് ഇതുവരെ സ്‌കോര്‍ ചെയ്ത മൂന്ന് ഏകദിന ഇരട്ടസെഞ്ചുറികളില്‍ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്ന ചോദ്യം രോഹിതിനോട് ചോദിച്ചത്. രോഹിതിന്റെ മറുപടി ഇങ്ങനെയായിരുന്നു.

ഇതില്‍ ഏതാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതില്‍ ഓരോ ഇരട്ടസെഞ്ചുറിയും എന്നെ സംബന്ധിച്ചും മല്‍സരത്തിന്റെ സാഹചര്യം വച്ചും പ്രധാനപ്പെട്ടതാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെംഗളൂരുവില്‍ നേടിയ 209 റണ്‍സ് പരമ്പര ആര്‍ക്കെന്ന് നിശ്ചയിക്കുന്ന മല്‍സരത്തിലാണ് പിറന്നത്.

വിരലിലേറ്റ പരുക്കുനിമിത്തം ടീമില്‍നിന്ന് ഏറെക്കാലം മാറിനിന്ന ശേഷം തിരിച്ചെത്തിയപ്പോഴാണ് ശ്രീലങ്കയ്‌ക്കെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നേടിയ 264 റണ്‍സ് പിറക്കുന്നത്. അന്ന് എന്റെ ഫോമിനേക്കുറിച്ച് എനിക്ക് ആശങ്കയേറെയായിരുന്നു.

ഇത്തവണ ശ്രീലങ്കയ്‌ക്കെതിരെ സമീപകാലത്തെ ഏറ്റവും കനത്ത തോല്‍വി വഴങ്ങി ആത്മവിശ്വാസത്തെ ബാധിച്ചു നില്‍ക്കുമ്പോഴാണ് ഇരട്ടസെഞ്ചുറി പിറന്നത്. അങ്ങനെ നോക്കിയാല്‍ എല്ലാം എനിക്ക് പ്രിയപ്പെട്ടതു തന്നെയെന്നും രോഹിത് പറഞ്ഞു.

കരുത്തു കുറവായതുകൊണ്ടുതന്നെ കൂടുതല്‍ ബുദ്ധി ഉപയോഗിച്ച് കളിക്കാനാണ് താന്‍ ശ്രമിക്കാറെന്നും രോഹിത് പറഞ്ഞു.
തനിക്ക് മഹേന്ദ്രസിങ് ധോണിയുടെയോ എ.ബി. ഡിവില്ലിയേഴ്‌സിന്റെയോ ക്രിസ് ഗെയ്‌ലിന്റെയോ അത്ര കരുത്തില്ല. പന്തിനെ മെരുക്കിയെടുക്കാന്‍ തനിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും രോഹിത് അഭിപ്രായപ്പെട്ടു.

‘ടൈമിങ്’ ആണ് ബാറ്റിങ്ങില്‍ എന്റെ ശക്തി. സാഹചര്യങ്ങള്‍ മനസിലാക്കി കളി കെട്ടിപ്പടുക്കുന്നതാണ് എന്റെ ശൈലി. അതിന് ആദ്യം സാഹചര്യങ്ങളെ വിലയിരുത്തണം. എന്റെ മൂന്നു ഇരട്ടസെഞ്ചുറികളും ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. പതുക്കെ തുടങ്ങി കത്തിക്കയറുന്ന ശൈലിയാണ് എന്റേതെന്നും രോഹിത് പറഞ്ഞു.