രാജസ്ഥാനിലെ കൊലയാളി ശംഭുലാലിന്റെ അക്കൌണ്ടിലേയ്ക്ക് സംഭാവനയായി ലഭിച്ചത് മൂന്നു ലക്ഷം രൂപ; രാജ്യമൊട്ടുക്കു നിന്നും 516 പേർ പണം നൽകി

single-img
14 December 2017

രാജസ്ഥാനിലെ രാജ്സാമണ്ഡിൽ മുസ്ലീം തൊഴിലാ‍ളിയെ ക്രൂരമായി വെട്ടിവീഴ്ത്തി ജീവനോടെ കത്തിച്ച ശംഭുലാൽ റൈഗറിനു രാജ്യമൊട്ടാകെയുള്ള ദാതാക്കളിൽ നിന്നായി ലഭിച്ചത് മൂന്നു ലക്ഷം രൂപയോളം സംഭാവന. ശംഭുലാൽ റൈഗറിന്റെ ഭാര്യ സീതയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 516 പേരാണു സംഭാവനകൾ നൽകിയതെന്നു പോലീസ് പറയുന്നു.

റീഗറിന്റെ കുടുംബത്തിനു സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാണെന്നു വിവരം ലഭിച്ചതിനെത്തുടർന്നാണു പോലീസ് ഈ ബാങ്ക് അക്കൌണ്ടിന്റെ വിവരങ്ങൾ ശേഖരിച്ചത്. അപ്പോഴേയ്ക്കും മൂന്നുലക്ഷം രൂപയോളം അക്കൌണ്ടിൽ നിക്ഷേപിക്കപ്പെട്ടിരുന്നു. പോലീസ് പിന്നീട് ഈ അക്കൌണ്ട് മരവിപ്പിച്ചു.

അക്കൌണ്ടിലേയ്ക്ക് പണം നിക്ഷേപിച്ചവരുടെ ലിസ്റ്റ് ബാങ്കിൽ നിന്നും തങ്ങൾക്ക് ലഭിച്ചതായി രാജ്സാമണ്ഡ് സർക്കിൾ ഓഫീസർ രാജേന്ദ്ര സിംഗ് റാവു ഇ വാർത്തയോട് പറഞ്ഞു.

“ഇതുവരെയും 516 പേരാണു പണം നിക്ഷേപിച്ചിരിക്കുന്നത്. ഇവരിൽ രാജ്യത്താകമാനം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. കൂടുതൽ വിവരങ്ങൾ ലിസ്റ്റ് പരിശോധിച്ച  ശേഷമേ പറയാൻ കഴിയുകയുള്ളൂ. കൂടുതൽ പേരും പണം നിക്ഷേപിച്ചിരിക്കുന്നത് നെഫ്റ്റ് പോലെയുള്ള ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചാണു.” രാജേന്ദ്ര സിംഗ് പറഞ്ഞു.

അതേ സമയം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്തുത അക്കൌണ്ടിൽ പണം നിക്ഷേപിച്ചതിന്റെ രസീതിന്റെ ചിത്രമടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രണ്ടുപേരെ ചൊവ്വാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകാശ് സിംഗ്, ദിനേശ് സിംഗ് എന്നിവരെ ക്രിമിനൽ നടപടിക്രമത്തിലെ ചട്ടം 151 പ്രകാരം അറസ്റ്റ് ചെയ്തെങ്കിലും അവർക്ക് പിന്നീട് ജാമ്യം ലഭിച്ചതായി ഭീം പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൌസ് ഓഫീസർ ജ്ഞാനേന്ദ്ര സിംഗ് രഠോർ ഇ വാർത്തയോട് പറഞ്ഞു.

ഇതിനിടെ ചില ഹിന്ദുത്വ സംഘടനകൾ റീഗറിനു പിന്തുണയുമായി റാലി സംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ കിട്ടിയതിനെത്തുടർന്ന് സമീപജില്ലയായ ഉദയ്പ്പൂരിൽ ക്രിമിനൽ നടപടിക്രമം 144-ആം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണു.