രാഹുലിനും മോദിക്കും രണ്ട് നിയമമോ: രാഹുലിനെതിരെ കേസെടുത്തിട്ടും വോട്ടെടുപ്പ് നടക്കുമ്പോള്‍ ചട്ടലംഘനം നടത്തി പ്രധാനമന്ത്രി: മോദി മനപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കുന്നോ?

single-img
14 December 2017

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാനയാത്രയെ ചൊല്ലി നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗുജറാത്തില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ മോദി വീണ്ടും മറ്റൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. വോട്ട് ചെയ്തശേഷം മഷി പുരട്ടിയ വിരല്‍ ഉയര്‍ത്തിക്കാട്ടി ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ മോദി നടന്നതാണ് ആദ്യം വിവാദമായത്. തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ അദ്ദേഹം നിന്നു യാത്ര ചെയ്തതും വിവാദത്തിന് കൂടുതല്‍ എരിവു പകര്‍ന്നു.

വോട്ട് ചെയ്ത ശേഷം ഇത്തരം ‘നാടകങ്ങള്‍’ പാടില്ല എന്നത് പ്രധാനമന്ത്രിക്ക് അറിയാത്ത കാര്യമല്ല. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിനെ കേസില്‍ കുടുക്കിയത്. ഇതിനു പിന്നാലെയായിരുന്നു മോദി ഇന്ന് വീണ്ടും സമാനമായ രീതിയില്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ മോദി മനപ്പൂര്‍വ്വം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നത്.

വോട്ടെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ആളുകളെ വഴിതിരിച്ചു വിടുകയാണോ എന്നുപോലും പലരും ചോദിക്കുന്നുണ്ട്. സബര്‍മതി മണ്ഡലത്തിലെ നിഷാന്‍ ഹൈസ്‌ക്കൂളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്.

വോട്ടര്‍മാര്‍ക്കൊപ്പം വരിനിന്നാണ് അദ്ദേഹം വോട്ടു ചെയ്തതും. വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി നടത്തിയ ‘റോഡ് ഷോ’ വ്യക്തമായ തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് ഗേലോട്ട് ചൂണ്ടിക്കാട്ടി. മോദി തുറന്ന വാഹനത്തില്‍ യാത്ര ചെയ്തതും ചുറ്റിലും കൂടിയവര്‍ ബിജെപി പതാകകള്‍ വീശി അഭിവാദ്യം ചെയ്തതും ചട്ടലംഘനമാണെന്ന് മറ്റൊരു കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാലയും ആരോപിച്ചു.

കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജലവിമാനയാത്രയ്ക്ക് പണം നല്‍കിയാണ് ആളെക്കൂട്ടിയതെന്ന ആരോപണത്തില്‍ ബി.ജെ.പി ജമല്‍പുര്‍കാദിയ സ്ഥാനാര്‍ഥിയും എം.എല്‍.എയുമായ ഭൂഷണ്‍ ഭട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

സബര്‍മതി നദീതീരത്തേക്ക് പണം നല്‍കി ആളുകളെ എത്തിക്കാന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ഭൂഷണ്‍ ഭട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു വിവാദം ശക്തമായത്. അന്തരിച്ച ബിജെപി നേതാവ് അശോക് ഭട്ടിന്റെ മകനാണ് ജമന്‍പുര്‍ ഖാദിയ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ ഭൂഷണ്‍ ഭട്ട്.

കൂടുതല്‍ പ്രവര്‍ത്തകരെ എത്തിക്കണമെന്നും ഇതിനായുള്ള പണം എത്രയായാലും പാര്‍ട്ടി നല്‍കാമെന്നും ഭൂഷണ്‍ ഭട്ട് പറയുന്നത് വിഡിയോയിലുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തെ മാനിക്കേണ്ടതില്ലെന്നും ഭട്ട് പ്രവര്‍ത്തകരോട് പറയുന്നുണ്ട്.

ബിജെപി പതാകയുമായി കുറഞ്ഞത് 4000 ഇരുചക്ര വാഹനയാത്രക്കാരെ എത്തിക്കണമെന്നും ഇതിനായി എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് ഭട്ട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇരുചക്ര വാഹനയാത്രികര്‍ക്ക് പെട്രോള്‍ കാശ് തിരികെ നല്‍കും. റാലിയില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപ വരെ നല്‍കുമെന്നും ഭട്ട് പറയുന്നുണ്ട്.

ഇതോടെയാണ്, ഭൂഷണ്‍ ഭട്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചത്. ജമല്‍പുര്‍ ഖാദിയ മണ്ഡലത്തിലെ റിട്ടേണിങ് ഓഫിസറാണ് വിഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം തേടിയത്. 2012ല്‍ 6331 വോട്ടുകള്‍ക്കാണ് ഭട്ട് ഇവിടെനിന്ന് ജയിച്ചത്.

റോഡ് ഷോയ്ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണു സബര്‍മതി നദിയില്‍നിന്നു ജലവിമാനത്തില്‍ പറന്നുപൊങ്ങി രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ട് മോദി ഗംഭീരമാക്കിയത്. എന്നാല്‍ ഇതിനു പിന്നാലെ വിവാദങ്ങള്‍ ഒന്നൊഴിയാതെ ബിജെപിയെ തേടി എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു അഹമ്മദാബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചപ്പോള്‍ ജലവിമാനത്തില്‍ സഞ്ചരിച്ച് കൊണ്ട് മോദി പ്രചാരണം നയിച്ചത്. ഇതിനായി പ്രത്യേക ബോട്ട് ജെട്ടിയും ഒരുക്കിയിരുന്നു. ഗുജറാത്ത് സബര്‍മതി നിദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെയായിരുന്നു യാത്ര ചെയ്തിരുന്നത്.

അതേസമയം മോദി പറന്നിറങ്ങിയ സീപ്ലെയിന്‍ കറാച്ചിയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് മോദി ആരോപിച്ചതിന് ബദലായാണ് വിമാനത്തിന്റെ പാക് ബന്ധം ഉയര്‍ത്തി മറുപക്ഷം തിരിച്ചടിക്കാന്‍ നോക്കുന്നത്.

വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന സൈറ്റായ യുകെ ഡോട്ട് ഫ്‌ളൈറ്റ് അവേര്‍ ഡോട്ട് കോം ( ഡഗ.എഹശഴവമേംമൃല.രീാ ) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മോദി സഞ്ചരിച്ച ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിന്‍ വിദേശ പൈലറ്റാണ് നിയന്ത്രിക്കുന്നത്. ഇത് കറാച്ചിയിലാണ് ആദ്യം എത്തിയത്.

അവിടെ നിന്ന് ഡിസംബര്‍ മുന്നിന് മുംബൈയിലേക്കെത്തി. പിന്നീട് തിങ്കളാഴ്ച മോദിയുമായി അഹമ്മദാബാദിലെ സബര്‍മതി നദിയിലുടെ സഞ്ചരിച്ചു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് ഇത്. അതേസമയം മോദി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പ്രധാനമന്ത്രി രണ്ടോ അതിലധികമോ എഞ്ചിനുകളുള്ള വിമാനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ മോദി അതും ലംഘിച്ചിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേസമയം മോദിയുടെ സീപ്ലെയിന്‍ പ്രകടനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും അതിനാലാണ് അഹമ്മദാബാദിലെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിപ്പിതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.