മധ്യപ്രദേശിലെ ‘ഹാപ്പിനെസ് മിനിസ്റ്റർ’ കൊലപാതകക്കേസിൽ ഒളിവിൽ

single-img
14 December 2017

രാജ്യത്തെ ഒരേയൊരു ഹാപ്പിനെസ് വകുപ്പ് മന്ത്രി  ഒളിവിലെന്ന് റിപ്പോർട്ടുകൾ. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാൻ മന്ത്രിസഭയിൽ ‘ഹാപ്പിനെസ്’ വകുപ്പ് മന്ത്രിയായ ലാൽ സിംഗ് ആര്യയ്ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നാണു ഇയാൾ ഒളിവിൽപ്പോയത്.  കൊലപാതകക്കേസിൽ പ്രതിയായ ലാൽ സിംഗിനായി പോലീസ് തെരച്ചിൽ തുടരുകയാണു.

രാജ്യത്ത് ആദ്യമായി ഹാപ്പിനസ് മന്ത്രാലയം രൂപവത്കരിച്ചത് മധ്യപ്രദേശാണ്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇത്. ലാല്‍ സിങ് ആര്യയായിരുന്നു വകുപ്പു മന്ത്രി. ജനങ്ങൾ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ കൂടാതെ മറ്റു പലതും സന്തോഷത്തിനായി ആവശ്യമാണെന്നും അതെല്ലാം കൈകാര്യം ചെയ്യുവാനാണു ഈ വകുപ്പെന്നും അന്നു മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പ്രഖ്യാപിച്ചിരുന്നു.

2009- കോൺഗ്രസ്സ് എം എൽ ഏ ആയിരുന്ന മഖൻലാൽ ജാടവിനെ വധിച്ച കേസിലെ പ്രതിയാണു ലാൽ സിംഗ്. ഭിന്ദിലെ പ്രത്യേക സി ബി ഐ കോടതിയാണു ഇപ്പോൾ ലാൽ സിംഗിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഡിസംബര്‍ 19 നാണ് ലാല്‍ സിങ്ങിനെ ഹാജരാക്കേണ്ടത്. അതിനു മുമ്പ് അദ്ദേഹത്തെ പിടികൂടാന്‍ സാധിക്കുമെനന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് അറിയിച്ചു.എന്നാൽ ഒരു മന്ത്രി സംസ്ഥാന പോലീസിനെ വെട്ടിച്ച് ഒളിവിൽ പോയിരിക്കുന്നു എന്നത് അവിശ്വസനീയവും അപലപനീയവുമാണെന്നാണു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.

അതേസമയം സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ വിശാൽ ജോളി മന്ത്രിയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തുണ്ട്.