ഗുജറാത്ത് വിധിയെഴുതുന്നു: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വൈകിട്ട്

single-img
14 December 2017

ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 93 മണ്ഡലങ്ങളിലാണ് ജനവിധി. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. 851 സ്ഥാനാര്‍ഥികളാണു രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അഹമ്മദാബാദും വഡോദരയും ഉള്‍പ്പെടുന്ന മധ്യഗുജറാത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനാണു പ്രാമുഖ്യം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍(മെഹ്‌സാന), ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി(വഡ്ഗാം), ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍(രാധന്‍പുര്‍) തുടങ്ങിയവര്‍ ഇന്നു ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

നരേന്ദ്രമോദി, അമിത് ഷാ, എല്‍.കെ.അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ അഹമ്മദാബാദ് നഗരത്തിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടുചെയ്യും. 2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും. 2012ല്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും മധ്യഗുജറാത്തില്‍ ബി.ജെ.പി.യും മേല്‍ക്കൈ നേടിയിരുന്നു.

പോളിംഗ് പൂര്‍ത്തിയായ ശേഷം ഇന്നു വൈകുന്നേരത്തോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരും.