ഒറ്റ ദിവസത്തിനുള്ളില്‍ സ്വര്‍ണ വില കുത്തനെ കൂടി

single-img
14 December 2017

കൊച്ചി: സ്വര്‍ണ വില ഇന്ന് കുത്തനെ കൂടി. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ദിവസങ്ങളായി സ്വര്‍ണ വില പിന്നോട്ട് നിന്ന ശേഷമാണ് ഇന്ന് വില കുത്തനെ ഉയര്‍ന്നത്. 21,120 രൂപയണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 2,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണ വില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ചൊവ്വാഴ്ച പവന് 440 രൂപ കുറഞ്ഞ് 20,800 രൂപക്കാണ് സ്വര്‍ണ വ്യാപാരം നടന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞിരുന്നത്.

ഡിസംബര്‍ രണ്ടിന് 21,920 രൂപയായിരുന്നു പവന്റെ വില. ഡിസംബര്‍ അഞ്ചിന് 21,840 രൂപയായും ആറിന് 21,680 രൂപയായും 11ന് 21,240 രൂപയായും താഴേക്ക് വന്നിരുന്നു.

ആഗോള വിപണിയിലെ എണ്ണ വിലയും ഡോളറിന്റെ വിനിമയ നിരക്കുമൊക്കെയാണ് സ്വര്‍ണ വിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ആഗോള വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാതെ തന്നെയാണ് സ്വര്‍ണ വില കുറഞ്ഞത്. എന്നാല്‍, ഇന്ന് വില കുത്തനെ കൂടുകയായിരുന്നു.