ബീഹാറിൽ വീട്ടുകാരുടെ നിർബ്ബന്ധത്തിനുവഴങ്ങി വിധവയായ ജ്യേഷ്ഠത്തിയെ വിവാഹം കഴിക്കേണ്ടിവന്ന 15 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

single-img
14 December 2017

വീട്ടുകാരുടെ നിർബ്ബന്ധത്തിനു വഴങ്ങി വിധവയായ ജ്യേഷ്ടത്തിയെ വിവാഹം കഴിക്കേണ്ടി വന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബീഹാറിലെ ഗയയിലുള്ള വിനോബനഗർ ഗ്രാമത്തിലാണു സംഭവം.

തന്നേക്കാൾ പത്തുവയസ്സിനു മൂപ്പുള്ള ജ്യേഷ്ഠത്തിയുമായുള്ള വിവാഹം കഴിഞ്ഞയുടനായിരുന്നു പതിനഞ്ചു വയസ്സുകാരനായ മഹാദേവ ദാസ് ആത്മഹത്യ ചെയ്തത്.

മഹാദേവ ദാസിന്റെ ജ്യേഷ്ഠനായ സന്തോഷ് കുമാർ ദാസ് മരിക്കുന്നത് 2013-ലാണു. അതേത്തുടർന്ന് വിധവയായ, റൂബി ദേവി (25) യുമായി മഹാദേവ ദാസിന്റെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച നടന്ന വിവാഹച്ചടങ്ങുകൾക്കൊടുവിൽ അഞ്ചുമണിയോടെ വീട്ടിലേയ്ക്ക് പോയ മഹാദേവ ദാസിനെ ഏഴുമണിയോടെ ഒരു ടവ്വലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

താൻ അമ്മയുടെ സ്ഥാനത്തു കണ്ടിരുന്ന ജ്യേഷ്ഠത്തിയെ വിവാഹം കഴിക്കുവാൻ മഹാദേവിനു ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ലെന്നും അതിൽ മനം നൊന്താണു അയാൾ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കളിൽ ചിലർ ആരോപിക്കുന്നു. ഇക്കാര്യം പോലീസും സ്തിരീകരിച്ചിട്ടുണ്ട്.

റൂബി ദേവിയുടെ ഭർത്താവ് ഗയയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അവിടെ വെച്ച് വൈദ്യുതാഘാതമേറ്റായിരുന്നു ഇയാൾ മരിച്ചത്. അതിന്റെ നഷ്ടപരിഹാരത്തുകയായി ലഭിച്ച 80,000 രൂപാ വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമായാണു മഹാദേവ ദാസിനെക്കൊണ്ട് റൂബി ദേവിയെ വിവാഹം കഴിപ്പിക്കാൻ ഇരുവീട്ടുകാരും തീരുമാനിക്കുന്നത്.

മഹാദേവദാസിന്റേയും റൂബിയുടെയും മാതാപിതാക്കൾക്കെതിരെ ശൈശവ വിവാഹം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് ചാർജ്ജ് ചെയ്തതായി തെക്കാരി ഡി എസ് പി മനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.