ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ആഷസ് ടെസ്റ്റില്‍ ഒത്തുകളി

single-img
14 December 2017

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മൂന്നാം ആഷസ് ടെസ്റ്റില്‍ ഒത്തുകളിക്ക് ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. സ്‌പോട്ട് ഫിക്‌സിംഗിനെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി ദ സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ള ഒരു വാതുവെയ്പ്പുകാരനെ തങ്ങള്‍ക്കറിയാമെന്നും ഇയാള്‍ ദി സൈലന്റ് മാന്‍ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും വെളിപ്പെടുത്തുന്നുണ്ട്.

കോഴ നല്‍കിയാല്‍ കളിയിലെ കാര്യങ്ങള്‍ നേരത്തെ തന്നെ കൈമാറാമെന്ന് വാതുവെയ്പ്പുകാര്‍ പറയുന്നതിന്റെ ദൃശ്യങ്ങളാണ് ദി സണ്‍ പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം ഒരു കോടി 21 ലക്ഷം രൂപ നല്‍കിയാല്‍ വിവരങ്ങള്‍ കൈമാറാമെന്ന് വാതുവെയ്പ്പുകാരന്‍ തങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞതായും ദി സണ്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു.

മത്സരത്തിന് മുമ്പ് ഇന്ന ഓവറില്‍ ഇത്ര റണ്‍സ് എന്ന് താന്‍ സൂചന നല്‍കാമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആ ഓവറിന് പുറത്ത് ബെറ്റിങ് നടത്താവുന്നതാണെന്നും ഒരു ബ്രോക്കര്‍ പറയുന്ന വീഡിയോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് ദ സണ്‍ പുറത്തുവിട്ടത്.

മത്സരത്തിന്റെ അന്തിമ ഫലത്തെ സ്വാധീനിക്കില്ലെങ്കിലും ഒരു കളിക്കാരന്‍ ഒരു നിശ്ചിത ഓവറില്‍ നോ ബോള്‍ എറിയുകയോ നിശ്ചിത റണ്‍ വിട്ടുകൊടുക്കുകയോ ചെയ്യുന്ന രീതിയാണ് സ്‌പോട്ട് ഫിക്‌സിങ്. ഈ ഓവറിന്റെ അടിസ്ഥാനത്തിലാകും പണമെറിഞ്ഞുള്ള ബെറ്റിംഗ് നടക്കുക.

എന്നാല്‍ നേരിട്ടുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗൌരവമായ അന്വേഷണം നടത്തുമെന്നും ഐസിസി അറിയിച്ചു. നേരിട്ടുള്ള ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും രേഖകള്‍ അന്വേഷണ സംഘവുമായി പങ്കുവയ്ക്കാമെന്ന ദിനപത്രത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഐസിസി അറിയിച്ചു.