ജിഷ വധം: പ്രതി അമീറുല്‍ ഇസ്ലാമിന് തൂക്കുകയർ

single-img
14 December 2017

ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അമീറുല്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച വിധിച്ചിരുന്നു. പ്രതിക്കുനല്‍കേണ്ട ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദങ്ങള്‍ ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.

മാനഭംഗം ഉള്‍പ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. കേസ് അന്വേഷിച്ച സംഘാംഗങ്ങളും ജിഷയുടെ അമ്മ രാജേശ്വരി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എഡിജിപി ബി. സന്ധ്യയും പ്രോസിക്യൂഷനും സന്തുഷ്ടി രേഖപ്പെടുത്തി. അന്വേഷണ ഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് സന്ധ്യ വ്യക്തമാക്കി.

ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. കൊലപാതകം നടന്ന സമയത്ത് പ്രതി അവിടെയുണ്ടായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. ആ സമയത്ത് അവിടെ വന്നതിന് മറ്റെന്തെങ്കിലും കാരണം കൃത്യമായി ബോധിപ്പിക്കാന്‍ പ്രതിക്കായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അമീര്‍ അല്ല, മറ്റു രണ്ടുപേരാണ് യഥാര്‍ഥപ്രതികള്‍ എന്നുമുള്ള വാദം തെളിയിക്കാനും പ്രതിഭാഗത്തിനായില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അമീര്‍ തന്നെയാണ് ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തിയതെന്നും കോടതി കണ്ടെത്തി.
അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളും കുറ്റം സംശയാതീതമായി തെളിയിക്കുന്നു.

കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെ വാതിലില്‍ കണ്ടെത്തിയ രക്തക്കറ, തലമുടി, നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിന് പുറത്തുനിന്നുകിട്ടിയ ഒരു ജോടി ചെരിപ്പ് എന്നിവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ പ്രധാന തെളിവുകള്‍. ഇതെല്ലാം നിര്‍ണായക തെളിവുകളായി കോടതി നിരീക്ഷിച്ചു.

2016 ഏപ്രില്‍ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ അമീറുല്‍ ഇസ്‌ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്‌നാട്-കേരളാ അതിര്‍ത്തിയില്‍നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ തന്നെ നല്‍കണമെന്ന് അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 13 നാണു കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.