സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമാണ് നടനും നടിയും: പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

single-img
13 December 2017

മമ്മൂട്ടി ചിത്രമായ കസബയ്‌ക്കെതിരെ രംഗത്ത് വന്ന നടി പാര്‍വതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. സിനിമ ഒരു ബിസിനസ് ആണെന്നും പ്രേക്ഷകന് വേണ്ടത് മാത്രമാണ് സംവിധായകന്‍ നല്‍കുന്നതെന്നുമായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

മുടക്കു മുതല്‍ തിരിച്ചു പിടിക്കുക, നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാര്‍ഡ് സിനിമാ ചെയ്യുന്നവരുടേയും, കൊമേഷ്യല്‍ ഫിലിം ചെയ്യുന്നവരുടെയും ഏക ലക്ഷ്യം. അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ലെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.

സിനിമ പ്രേക്ഷകരിലെ ഭൂരിഭാഗമായ ആണിനെ തൃപ്തിപ്പെടുത്താനാണെന്നും ഇതില്‍ വിഷമം തോന്നുന്ന സ്ത്രീകള്‍ സ്വന്തമായി സിനിമ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ സംവിധായകര്‍ ആയപ്പോഴും ലൈംഗികതയ്ക്ക് പ്രാധാന്യം നല്‍കി ആണുങ്ങളെ തിയറ്ററില്‍ കയറ്റാനാണ് ശ്രമിക്കാറുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുകയും മലയാളത്തില്‍ വേരൂന്നിയാല്‍ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്ക് കൂടുതല്‍ പണത്തിനായാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും സ്‌ക്രിപ്റ്റ്, ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാം ആണുങ്ങളാകും. അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെ കാണുവാന്‍ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമാണ് നടനും നടിയും എന്ന് പറഞ്ഞാണ് സന്തോഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.

ഇതുപോലുള്ള നായകത്വങ്ങള്‍ നമുക്ക് വേണ്ടെന്ന് പാര്‍വതി തുറന്നടിച്ചിരുന്നു. ഞാന്‍ അടുത്തിറങ്ങിയ ഒരു ചിത്രം കണ്ടു. അതൊരു ഹിറ്റായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല. ആ ചിത്രം കസബയാണ്. എനിക്കത് നിര്‍ഭാഗ്യവശാല്‍ കാണേണ്ടിവന്ന ചിത്രമാണ്.

ആ സിനിമയുടെ അണിറയില്‍ പ്രവത്തിച്ച എല്ലാ സാങ്കേതിക പ്രവര്‍ത്തകരോടുമുള്ള ബഹുമാനം മനസ്സില്‍ വച്ചു തന്നെ പറയട്ടെ. അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നായിരുന്നു പാര്‍വതി പറഞ്ഞത്.