വെയ്റ്റര്‍ക്ക് പകരം ഇനി റോബോട്ട്: ചെന്നൈയിലെ ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നത് റോബോട്ടുകള്‍

single-img
13 December 2017

ചെന്നൈ: തിരക്കേറിയ ചെന്നൈയിലെ പഴയ മഹാബലിപുരം റോഡ് (ഒ.എം.ആര്‍) പരിചയമുള്ളവര്‍, ഇപ്പോള്‍ അവിടെ ചെന്നാല്‍ ശരിക്കുമൊന്ന് ഞെട്ടും. കാരണം ഇപ്പോള്‍ ഈ സ്ഥലം ഒരു പുതിയ തീം റെസ്റ്റോറന്റായി പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. ഈ ഹോട്ടലിന് ഒരു പ്രത്യേകതയുണ്ട്. ഇവിടെ ഭക്ഷണം വിളമ്പുന്നത് മനുഷ്യരല്ല, പകരം റോബോട്ടുകളാണ്.

ചെന്നൈ സെമ്മന്‍ചേരിയിലെ ഈ ഹോട്ടല്‍ പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത് ഒരു റോബേട്ടിക് പശ്ചാത്തലത്തിലാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുഖമില്ലാത്ത, പിങ്ക്, ചുവപ്പ്, പര്‍പ്പിള്‍, നീല എന്നീ നിറങ്ങളിലുള്ള നാലു റോബോട്ടുകളാണ് ഇവിടെ വെയ്റ്റര്‍മാരായി ജോലി ചെയ്യുന്നത്.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത റോബോര്‍ട്ടുകളാണിത്. ഇന്ത്യയിലെ ആദ്യത്തെ റോബോര്‍ട്ട് ജോലിചെയ്യുന്ന സ്ഥാപനം എന്ന പ്രത്യേകതയും ചെന്നൈയിലെ മോമോ റെസ്‌റ്റോറന്റിനുണ്ട്. അതേസമയം സാധാരണ ഹോട്ടലുകളിലേതുപോലെ റോബോട്ട് വന്ന് ഓര്‍ഡര്‍ എടുക്കുമെന്ന് കരുതേണ്ട.

ഓരോ ടേബിളിലും ഒരു ടാബ്ലറ്റ് ഉണ്ട്. ഉപഭോക്താക്കള്‍ അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഐപാഡ് മുഖാന്തരമാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. ഇവ നേരെ അടുക്കളയില്‍ സന്ദേശമായി എത്തും. ഇതനുസരിച്ച് തയ്യാറായ ഭക്ഷണം റോബോട്ടുകള്‍ ഉപഭോക്താവിന്റെ മുന്നില്‍ എത്തിക്കും.

ഹോട്ടലില്‍ റോബോട്ടിനെക്കൊണ്ട് എങ്ങിനെ ജോലി ചെയ്യിക്കുമെന്ന് പഠിക്കുന്നതിനായി 15 ദിവസത്തെ ഒരു കോഴ്‌സില്‍ പങ്കെടുത്തതായി റെസ്റ്റോറന്റ് ഉടമ വെങ്കടേഷ് രാജേന്ദ്രന്‍ പറഞ്ഞു. ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവയെ നിയന്ത്രിക്കുന്നത് സെന്‍സറുകള്‍ ഉപയോഗിച്ചാണ്.

എത് വിഭവം ഏത് ടേബിളില്‍ എത്തണമെന്നതിനായി പ്രത്യേകം പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ആധുനിക റോബോട്ടുകളുള്ള 20 ടേബിളുകളോടു കൂടിയ റെസ്‌റ്റോറന്റില്‍ മുഴുവനും നിയോണ്‍ ലൈറ്റുകളാല്‍ റോബോട്ടിന്റെ ഡിസ്‌പ്ലേയും ഒരുക്കിയിട്ടുണ്ടെന്ന് വെങ്കടേഷ് പറയുന്നു.

ജപ്പാനിലും ബംഗ്ലാദേശിലും പാശ്ചാത്യ രാജ്യങ്ങളിലും റെസ്റ്റോറന്റുകളില്‍ റോബോട്ടുകള്‍ ജോലി ചെയ്യുന്നുണ്ട്. ചെന്നൈയ്ക്ക് ഇക്കാര്യം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഹൈടെക് ഹോട്ടല്‍ പണിതതെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.