മോദിജിയെ ആരും വെറുക്കരുത്; എനിക്കും ഒരുപാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ട്; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

single-img
13 December 2017

അഹമ്മദാബാദ്: തനിക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്ത മോദിയെ എങ്ങനെ വെറുക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ ആരും വെറുക്കരുതെന്നും രാഹുല്‍ പരിഹസിച്ചു. ഗുജറാത്തില്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരേ രംഗത്തുവന്നത്.

നെഹ്‌റു ഗാന്ധി കുടുംബങ്ങള്‍ക്കെതിരായ മോദിയുടെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു രാഹുലിന്റെ പരിഹാസം. മതങ്ങളുടെയും രാഷ്ട്രത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ വെറുപ്പിന് മറുപടി സ്‌നേഹമാണെന്ന് മനസിലാകുമെന്നും ദേഷ്യവും വെറുപ്പും എന്നിലില്ലെന്നും അതാണ് തന്റെ കുടുംബ പാരമ്പര്യമെന്നും രാഹുല്‍ വ്യക്തമാക്കി.

ഗുജറാത്തില്‍ നിന്നുള്ള നമ്മുടെ രാഷ്ട്രപിതാവാണ് തന്റെ കുടുംബത്തെ ഇക്കാര്യം പഠിപ്പിച്ചതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും 22 വര്‍ഷമായി ബി.ജെ.പി തിരഞ്ഞെടുക്കുന്ന സംസ്ഥാനത്തിന്റെ പ്രവണതയെ തിരുത്തിയെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം ഈ തെരഞ്ഞെടുപ്പിനെ ബി ജെ പി ഭയക്കുന്നുവെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിക്കെതിരായി താന്‍ പ്രചാരണത്തില്‍ ഉയര്‍ത്തിയ എല്ലാ പ്രശ്‌നങ്ങളും ജനങ്ങളുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെയല്ല, ജനങ്ങള്‍ പറയുന്നതാണ് ബിജെപി ഭയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.