ജലവിമാനത്തില്‍ പറന്ന മോദി ‘വെട്ടിലായി’: ആ വിമാനം വന്നത് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന്; മോദി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച് നടത്തിയത് ‘തെരഞ്ഞെടുപ്പ് നാടകം’

single-img
13 December 2017

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘പരീക്ഷണം’ വിവാദത്തിലായി.

അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെയാണ് അതില്‍ യാത്ര ചെയ്തത്. എന്നാല്‍ മോദി പറന്നിറങ്ങിയ സീപ്ലെയിന്‍ കറാച്ചിയില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് മോദി ആരോപിച്ചതിന് ബദലായാണ് വിമാനത്തിന്റെ പാക് ബന്ധം ഉയര്‍ത്തി മറുപക്ഷം തിരിച്ചടിക്കാന്‍ നോക്കുന്നത്.

വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന സൈറ്റായ യുകെ ഡോട്ട് ഫ്‌ളൈറ്റ് അവേര്‍ ഡോട്ട് കോം ( UK.Flightaware.com ) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മോദി സഞ്ചരിച്ച ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിന്‍ വിദേശ പൈലറ്റാണ് നിയന്ത്രിക്കുന്നത്. ഇത് കറാച്ചിയിലാണ് ആദ്യം എത്തിയത്.

അവിടെ നിന്ന് ഡിസംബര്‍ മുന്നിന് മുംബൈയിലേക്കെത്തി. പിന്നീട് തിങ്കളാഴ്ച മോദിയുമായി അഹമ്മദാബാദിലെ സബര്‍മതി നദിയിലുടെ സഞ്ചരിച്ചു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് ഇത്. അതേസമയം മോദി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പ്രധാനമന്ത്രി രണ്ടോ അതിലധികമോ എഞ്ചിനുകളുള്ള വിമാനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ മോദി അതും ലംഘിച്ചിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേസമയം മോദിയുടെ സീപ്ലെയിന്‍ പ്രകടനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും അതിനാലാണ് അഹമ്മദാബാദിലെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിപ്പിതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.