ഓഖി ധനസഹായം വീടുകളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി: മരിച്ചവരുടെ കുടുംബത്തിനുളള 20 ലക്ഷം രൂപ ഒരുമിച്ച് നല്‍കും

single-img
13 December 2017

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുളള 20 ലക്ഷം രൂപയുടെ ധനസഹായം ഒരുമിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ദുരിതബാധിതരുടെ വീടുകളിലെത്തി നടപടിയെടുക്കും. ആരും സര്‍ക്കാര്‍ ഓഫിസിലേക്ക് പോവേണ്ടതില്ല.

മരണപ്പെട്ടവരുടെ ആശ്രിതരായി മാതാപിതാക്കളുണ്ടെങ്കില്‍ 20 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ അവരുടെ സംരക്ഷണത്തിനാകും ക്രമീകരിക്കുക. ബോട്ടും വളളവും നഷ്ടമായവര്‍ക്കും ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്നും വീടു നഷ്ടമായവര്‍ക്ക് അനുയോജ്യമായ സ്ഥലത്ത് വീട് വച്ച് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി കടലില്‍ തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടലില്‍ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയവും സാങ്കേതികവുമായ നടപടി സ്വീകരിക്കും.

ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ വേതനം നല്‍കിയിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. ദുരന്ത ബാധിതരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു