ധരംശാലയിലേറ്റ നാണക്കേടിന് പകരം വീട്ടാന്‍ ഇന്ത്യ: രണ്ടാം ഏകദിനം ഇന്ന്

single-img
13 December 2017

ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. മൊഹാലിയില്‍ രണ്ടാം ഏകദിനത്തിനിറങ്ങുമ്പോള്‍ പഴയ വിജയ പ്രതാപം വീണ്ടെടുക്കുകയെന്ന ഒറ്റ ലക്ഷ്യമേ ഇന്ത്യയ്ക്കു മുന്‍പിലുള്ളൂ. രാവിലെ 11.30 മുതലാണ് മല്‍സരം. ധര്‍മശാലയിലെ നാണംകെട്ട തോല്‍വി മറികടക്കാനാണ് ഇന്ത്യ രോഹിത് ശര്‍മയുടെ കീഴിലിറങ്ങുന്നത്.

112 റണ്‍സിന് ധര്‍മശാലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ നിര മൊഹാലിയില്‍ വലിയ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കിത് മരണപ്പോരാട്ടം കൂടിയാണ്. തോറ്റാല്‍ പരമ്പര കൈവിടും. ജയിച്ചാല്‍ മൂന്നാം മത്സരം വിജയികളെ നിര്‍ണയിക്കും. ലങ്കന്‍ ബൌളര്‍മാരുടെ പേസാക്രമണം പ്രതിരോധിക്കാനാകാതെ വന്നതാണ് ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തില്‍ വലിയ തോല്‍വി സമ്മാനിച്ചത്.

നാലു വിക്കറ്റെടുത്ത പേസര്‍ സുരംഗ ലക്മലിന്റെ ചുഴലിയില്‍ പെടാതിരിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്നലെ പേസര്‍മാര്‍ക്കൊപ്പം കഠിന പരിശീലനത്തിലായിരുന്നു. തന്ത്രങ്ങള്‍ മെനയാന്‍ ക്യാപ്റ്റനും പരിശീലകനും പതിവിലുമേറെ സമയം ചെലവിട്ടു.

ആദ്യ മല്‍സരത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ലഭ്യമാക്കി. ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന മധ്യനിരയ്ക്കു ബലം കൊടുക്കാന്‍ അജിങ്ക്യ രഹാനെയെ കളത്തിലിറക്കാനും ആലോചനയുണ്ട്. മധ്യനിരയില്‍ വിരാട് കോഹ്‌ലിയുടെ അഭാവമാണ് ഇന്ത്യയുടെ തലവേദന.

പകരക്കാരായെത്തിയ ശ്രേയസ് അയ്യരുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിനും മനസ്സിനും ബലക്കുറവായിരുന്നു. ധരംശാലയില്‍ 18 പന്തുകള്‍ നേരിട്ട് പൂജ്യനായി മടങ്ങിയ കാര്‍ത്തിക്കിന്റെ പ്രകടനം മധ്യനിരയെക്കുറിച്ചുള്ള ആശങ്ക കൂട്ടുന്നു. ബാറ്റിങ്ങില്‍ നിറംമങ്ങിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബോളിങ്ങില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയും നിരാശപ്പെടുത്തി.

65 റണ്‍സുമായി ഇളകാതെ നിന്ന എം.എസ്. ധോണി മാത്രമാണ് ആശ്വാസമേകിയത്. മറുഭാഗത്ത് ഓള്‍റൗണ്ടര്‍ എയ്!ഞ്ചലോ മാത്യൂസ് ഫോമിലേക്ക് തിരിച്ചെത്തിയത് ലങ്കയുടെ സന്തോഷം ഇരട്ടിപ്പിച്ചു. ലക്മലിനൊപ്പം നുവാന്‍ പ്രദീപും മികച്ച ഫോമിലാണ്.