ബിജെപിയുടെ വീരവാദം നുണ: ജലവിമാനത്തിലെ ആദ്യയാത്രക്കാരന്‍ മോദിയല്ല: ‘തെരഞ്ഞെടുപ്പ് നാടകങ്ങള്‍’ പൊളിഞ്ഞു

single-img
13 December 2017

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജലവിമാനത്തില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ക്ക് കൊഴുപ്പേകി മറ്റൊരു സംഭവം കൂടി. ഇന്ത്യയില്‍ ആദ്യത്തെ ജലവിമാന യാത്രക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നായിരുന്നു ബി.ജെ.പിയുടെ വീരവാദം.

എന്നാല്‍ ഇത് ശുദ്ധനുണയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. മോദി സഞ്ചരിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2010 ഡിസംബര്‍ 28ന് ഇന്ത്യയിലെ ആന്‍ഡുമാനില്‍ ജലവിമാനം ഇറക്കിയിരുന്നു. അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ കേരളത്തില്‍ 2015 ഒക്ടോബര്‍ 11ന് ജലവിമാനം ഇറക്കിയിരുന്നു. എന്നാല്‍, ഇത്തരം കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് നരേന്ദ്രമോദിയുടെ വെബ്‌സെറ്റ് അദ്ദേഹത്തെ ജലവിമാനത്തിലെ ആദ്യ യാത്രക്കാരനായി ചിത്രീകരിച്ചത്. പിന്നീട് അബദ്ധം മനസിലാക്കി വെബ്‌സൈറ്റിലെ ശീര്‍ഷകം തിരുത്തുകയായിരുന്നു.

പക്ഷേ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഈ അവകാശവാദത്തെ പൊളിച്ചടിക്കിയിരുന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെയാണ് അതില്‍ യാത്ര ചെയ്തത്.

എന്നാല്‍ മോദി പറന്നിറങ്ങിയ സീപ്ലെയിന്‍ കറാച്ചിയില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് മോദി ആരോപിച്ചതിന് ബദലായാണ് വിമാനത്തിന്റെ പാക് ബന്ധം ഉയര്‍ത്തി മറുപക്ഷം തിരിച്ചടിക്കാന്‍ നോക്കുന്നത്.

വിമാനങ്ങളുടെ യാത്ര നിരീക്ഷിക്കുന്ന സൈറ്റായ യുകെ ഡോട്ട് ഫ്‌ളൈറ്റ് അവേര്‍ ഡോട്ട് കോം ( UK.Flightaware.com ) നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മോദി സഞ്ചരിച്ച ക്വസ്റ്റ് കോഡിയാക് 100 എന്ന സീപ്ലെയിന്‍ വിദേശ പൈലറ്റാണ് നിയന്ത്രിക്കുന്നത്. ഇത് കറാച്ചിയിലാണ് ആദ്യം എത്തിയത്.

അവിടെ നിന്ന് ഡിസംബര്‍ മുന്നിന് മുംബൈയിലേക്കെത്തി. പിന്നീട് തിങ്കളാഴ്ച മോദിയുമായി അഹമ്മദാബാദിലെ സബര്‍മതി നദിയിലുടെ സഞ്ചരിച്ചു. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് ഇത്. അതേസമയം മോദി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പ്രധാനമന്ത്രി രണ്ടോ അതിലധികമോ എഞ്ചിനുകളുള്ള വിമാനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നാണ് ചട്ടം. എന്നാല്‍ മോദി അതും ലംഘിച്ചിരിക്കുകയാണ്. ഇതോടെ പ്രധാനമന്ത്രിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതേസമയം മോദിയുടെ സീപ്ലെയിന്‍ പ്രകടനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും അതിനാലാണ് അഹമ്മദാബാദിലെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിപ്പിതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.