മാസ്റ്റര്‍ പീസ് ഓഡിയോ ലോഞ്ചില്‍ മമ്മൂട്ടിയെ കവച്ചുവെട്ടി സന്തോഷ് പണ്ഡിറ്റ്

single-img
13 December 2017

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. മാസ്റ്റര്‍പീസിന്റെ ടീസറും ഗാനങ്ങളുമെല്ലാം വന്‍ പ്രതീക്ഷയാണ് ആരാധകരില്‍ സൃഷ്ടിച്ചിരിക്കുന്നത്. എഡ്ഡി എന്ന കോളജ് പ്രഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. എന്നാല്‍ പരിപാടിയില്‍ താരം സന്തോഷ് പണ്ഡിറ്റായിരുന്നു. മുഖ്യധാര സിനിമകളിലെ സന്തോഷ് പണ്ഡിറ്റിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഒരു സിനിമാക്കാരനില്‍ ആദ്യം ചെറിയൊരു വേഷത്തില്‍ പണ്ഡിറ്റ് എത്തിയിരുന്നു.

അതേസമയം സിനിമയുടെ ട്രെയിലറിലും പാട്ടിലും നിറഞ്ഞു നില്‍ക്കുന്ന സന്തോഷ് പണ്ഡിറ്റ് തന്നെയായിരുന്നു ഓഡിയോ ലോഞ്ചിലും താരമായത്. ജോലി രാജിവച്ച്, വീടു വിറ്റ് സിനിമയെടുത്ത് മലയാള സിനിമയുടെ ഭാഗമായ തനിക്ക് ഇതുപോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകുക എന്നതു വലിയ ആഗ്രഹമായിരുന്നുവെന്നു സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

ഇങ്ങനെയൊരു അവസരത്തിനായി 2037 വരെ കാത്തിരിക്കാനും ഒരു മടിയുമില്ലായിരുന്നു. അതുവരെ തന്റെ സ്വന്തം ചിത്രങ്ങളുമായി ക്ഷമയോടെ കാത്തിരിക്കുമായിരുന്നെന്നും താരം പറഞ്ഞു. സ്വന്തം ചിത്രങ്ങളുടെ സെറ്റിലേക്ക് പലപ്പോഴും ഭക്ഷണ സാധനങ്ങള്‍ കൊണ്ടുപോയി പാകം ചെയ്തു കഴിച്ചിട്ടുണ്ട്.

ഒരു ചിത്രത്തിന്റെ അഭിനേതാവ് മാത്രമാകുമ്പോള്‍ അതു ചെറിയ ജോലി മാത്രമാണ്. സിനിമയിലെത്തിയ ഇക്കാലയളവിനിടയില്‍ ആശ്വാസത്തോടെ സെറ്റിലെത്തിയത് ഇപ്പോഴാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അതിഥിയായി എത്തിയ സംവിധായകന്‍ ജോഷിയുടെ കാല്‍തൊട്ട് വണങ്ങിയാണ് ഓഡിയോ ലോഞ്ചിന്റെ സദസ്സിലേക്ക് സന്തോഷ് പണ്ഡിറ്റ് പ്രവേശിച്ചത്.

സദസ്സ് ഹര്‍ഷാരവത്തോടെയാണ് സദസ്സ് താരത്തെ വരവേറ്റത്. ദീപക്‌ദേവ് ആണ് ചിത്രത്തിനു സംഗീതമൊരുക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മുഹമ്മദ് വടകരയാണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍ പീസ്’.