കുവൈത്തില്‍ വന്‍ ഭൂകമ്പ സാധ്യതയോ?

single-img
13 December 2017

കുവൈത്തില്‍ വന്‍ ഭൂകമ്പ സാധ്യതയുണ്ടെന്ന സാമൂഹിക മാധ്യമ പ്രചാരണം തെറ്റെന്ന് കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ (കിസ്‌റ്) ഭൂചലന നിരീക്ഷണത്തിനായുള്ള ദേശീയ ശൃംഖലാ തലവന്‍ ഡോ. അബ്ദുല്ല അല്‍ അനേസി. സമൂഹമാധ്യമങ്ങളിലേത് ഊഹാപോഹങ്ങള്‍ മാത്രമാണ്.

ഭൂകമ്പസാധ്യതയുള്ള സീസ്മിക് ബെല്‍റ്റിന്റെ സാമിപ്യമുള്ള രാജ്യമല്ല കുവൈത്ത്. അതുകൊണ്ടുതന്നെ അടുത്തവര്‍ഷം കുവൈത്തില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൂകമ്പത്തെക്കാളുപരി കെട്ടിട നിര്‍മാണത്തിലെ അപാകതയും അപകടസമയത്ത് ആളുകളുടെ പ്രതികരണവുമാണ് മരണസംഖ്യ കൂട്ടുന്നത്. ഈയിടെ അനുഭവപ്പെട്ട ഭൂചലന സാധ്യത സീസ്മിക് മോണിറ്ററിങ് നെറ്റ്‌വര്‍ക് മുന്‍കൂട്ടി അറിയിച്ചില്ലെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ‘കിസ്‌റ്’ അധികൃതര്‍ ചുമതല കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെയും ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.