മോദിയുടെ ആരോപണം വിചിത്രവും അടിസ്ഥാന രഹിതവുമാണെന്ന് പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി

single-img
13 December 2017

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി പാക്കിസ്ഥാന്റെ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മുഹമ്മദ് കസൂരി. മോദിയുടെ ആരോപണം വിചിത്രവും അടിസ്ഥാന രഹിതവുമാണെന്ന് കസൂരി പറഞ്ഞു.

പാക് ചാനലായ സമാ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കസൂരി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ റോയുടെ മുന്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെയും ഗൂഢാലോചന നടന്നുവെന്ന് അതിന് അര്‍ഥമുണ്ടോയെന്നും കസൂരി ചോദിച്ചു.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ സംഘടിപ്പിച്ച വിരുന്നില്‍ താനും പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ സൈനിക മേധാവി ദീപക് കപൂര്‍, നാല് വിദേശ കാര്യ സെക്രട്ടറിമാര്‍, പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അവരെല്ലാവരും പാക് ഗൂഢാലോചനയുടെ ഭാഗമായിരുന്നോ. അടിസ്ഥാനമില്ലാതെ മെനഞ്ഞെടുത്ത കഥയാണിതെന്നും കസൂരി പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം സാധാരണഗതിയിലാക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ താനും മന്‍മോഹന്‍ സിങ്ങും പങ്കാളികളായിരുന്നുവെന്നു പറഞ്ഞ കസൂരി, ഈ ബന്ധത്തിന്റെ പുറത്താണ് മന്‍മോഹന്‍ സിങ്ങിനെ വിരുന്നിലേക്കു ക്ഷണിച്ചതെന്നും വ്യക്തമാക്കി.

ഇത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചുകൊണ്ട് മോദി നടത്തിയ പരാമര്‍ശമാണെന്നും കസൂരി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിനായി എന്തുവഴിയും സ്വീകരിക്കാം എന്നാണ് ഇത് തെളിയിക്കുന്നത്. ഗുജറാത്തില്‍ പാകിസ്ഥാനിലൂടെ വോട്ടു നേടാമെന്ന് മോദി കണക്കുകൂട്ടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത്തരം പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് നരേന്ദ്ര മോദി പാക്കിസ്ഥാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഇടപെടുന്നെന്ന ആരോപണം ഉന്നയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകണമെന്നു പാക്ക് സൈന്യത്തിന്റെ മുന്‍ മേധാവി പറഞ്ഞതു സംശയമുളവാക്കുന്നതാണെന്നും മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറും മുന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതിയും മുന്‍ പ്രധാനമന്ത്രിയും പങ്കെടുത്ത യോഗത്തിന്റെ പിറ്റേന്നാണു മണിശങ്കര്‍ അയ്യര്‍ തന്നെ ‘നീചന്‍’ എന്നു വിളിച്ചതെന്നും മോദി പറഞ്ഞിരുന്നു.

മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തില്‍ എന്തിനാണ് രഹസ്യയോഗം നടത്തിയതെന്നും എന്തുകൊണ്ടാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അതിലേക്ക് വിളിക്കാതിരുന്നതെന്നും ചോദിച്ച മോദി, രഹസ്യയോഗത്തില്‍ നടന്നത് എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെുപ്പിലേക്ക് തങ്ങളെ വലിച്ചിഴക്കരുതെന്നും സ്വന്തം കഴിവുകൊണ്ട് ജയിക്കണമെന്നും പാകിസ്ഥാന്‍ മോദിക്ക് മറുപടിയും നല്‍കിയിരുന്നു.