രോഹിത് ശര്‍മ്മയ്ക്ക് മൂന്നാം ഇരട്ടസെഞ്ചുറി: ധവാനും, അയ്യര്‍ക്കും അര്‍ധ സെഞ്ചുറി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍

single-img
13 December 2017

മൊഹാലി: നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ് അയ്യരുടെയും അര്‍ധസെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ 393 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ലങ്കയ്ക്ക് മുന്നില്‍ വെച്ചത്.

രോഹിത് ശര്‍മയുടെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിയാണിത്. 153 പന്തില്‍ 13 ബൗണ്ടറികളും 12 സിക്‌സും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ മൂന്നാം ഏകദിന ഇരട്ടസെഞ്ചുറി. ഓപ്പണിങ്ങ് വിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പതിരാനയുടെ ബൗളില്‍ തിരിമാനയ്ക്ക് ക്യാച്ച് നല്‍കി ധവാന്‍ മടങ്ങിയത്.

67 പന്തുകള്‍ നേരിട്ട ധവാന്‍ 68 റണ്‍സ് നേടിയാണ് പുറത്തായത്. രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി കൂടിയായ ശ്രേയസ് അയ്യര്‍ കൂട്ടിനെത്തിയതോടെ രോഹിത് കൂടുതല്‍ അപകടകാരിയായി. അനായാസം ബൗണ്ടറികള്‍ വാരിക്കൂട്ടിയ ശ്രേയസും മോശമാക്കിയില്ല.

രണ്ടാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഇരുവരും 25.2 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് ഒഴുക്കിയത് 213 റണ്‍സ്. 70 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും രഹിതം 88 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ തിസാര പെരേര മടക്കിയെങ്കിലും രോഹിത് നിര്‍ബാധം ആക്രമണം തുടര്‍ന്നു.

ഒരറ്റത്ത് മഹേന്ദ്രസിങ് ധോണി (അഞ്ചു പന്തില്‍ ഏഴ്), ഹാര്‍ദിക് പാണ്ഡ്യ (അഞ്ചു പന്തില്‍ എട്ട്) എന്നിവര്‍ വന്നപോലെ മടങ്ങിയിട്ടും ഇതൊന്നും രോഹിതിനെ ബാധിച്ചില്ല. 50 ഓവറു അവസാനിക്കുമ്പോള്‍ 153 പന്തില്‍ 13 ബൗണ്ടറിയും 12 സിക്‌സും സഹിതം 208 റണ്‍സുമായി രോഹിത് പുറത്താകാതെ നിന്നു.