രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക പുരസ്‌കാരം; വോട്ടെടുപ്പ് നാളെ ആരംഭിക്കും

single-img
13 December 2017

തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ നാളെ ആരംഭിക്കും. രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുക. പ്രതിനിധികള്‍ക്ക് രജിസ്‌ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം വോട്ട് രേഖപ്പെടുത്താവുന്നതാണ്.

എസ്.എം.എസ് വഴിയും മൊബൈല്‍ ആപ്പുവഴിയും വെബ്‌സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം. മുഖ്യവേദിയായ ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌കുകളില്‍ സാങ്കേതിക സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

IFFK SPACE MOVIE CODE എന്ന ഫോര്‍മാറ്റില്‍ 56070 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയയ്‌ക്കേണ്ടത്. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇമെയില്‍ ആയും എസ്.എം.എസ് ആയും പ്രതിനിധികള്‍ക്ക് വോട്ടെടുപ്പിന് മുമ്പേ ലഭിക്കും.