സ്വര്‍ണ വില കുത്തനെ കുറഞ്ഞു

single-img
13 December 2017

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില അഞ്ചു മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ചൊവ്വാഴ്ച പവന് 440 രൂപ കുറഞ്ഞ് 20,800 രൂപക്കാണ് സ്വര്‍ണ വ്യാപാരം നടന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണത്തിന് 1120 രൂപയാണ് കുറഞ്ഞത്.

ഡിസംബര്‍ രണ്ടിന് 21,920 രൂപയായിരുന്നു പവന്റെ വില. ഡിസംബര്‍ അഞ്ചിന് 21,840 രൂപയായും ആറിന് 21,680 രൂപയായും 11ന് 21,240 രൂപയായും താഴേക്ക് വന്നിരുന്നു.

ആഗോള വിപണിയിലെ എണ്ണ വിലയും ഡോളറിന്റെ വിനിമയ നിരക്കുമൊക്കെയാണ് സ്വര്‍ണ വിലയെ പ്രധാനമായും ബാധിക്കുന്നതെങ്കിലും ഇത്തവണ ആഗോള വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാതെ തന്നെയാണ് സ്വര്‍ണ വില കുറഞ്ഞത്. എന്നാല്‍, വരും ദിവസങ്ങളില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.