മഹേന്ദ്ര സിംഗ് ധോണിക്കു മുന്നില്‍ ഇന്ന് റെക്കോഡുകള്‍ വഴിമാറും

single-img
13 December 2017

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങള്‍ കളിച്ച നാലാമത്തെ താരമെന്ന റെക്കോര്‍ഡാണ് ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയെ കാത്തിരിക്കുന്നത്.

ക്രിക്കറ്റ് ജീവിതത്തിലെ 311ാം ഏകദിനത്തിനാണ് ധോണി ഇറങ്ങുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും 311 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇതോടെ ഇരുവരും നാലാം സ്ഥാനം പങ്കിടും. മൂന്നാം ഏകദിനത്തില്‍ കൂടി ധോണി കളിക്കാനിറങ്ങുന്നതോടെ ഗാംഗുലി പിന്നിലാകും.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ചിട്ടുള്ളത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 463 മത്സരങ്ങളിലാണ് ലിറ്റില്‍ മാസ്റ്റര്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ളത്. 344 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്തും 334 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ അസറുദ്ദീനും മൂന്നാം സ്ഥാനത്തുമുണ്ട്.

ഇരുവരും ധോണിയുടെ കുതിപ്പിനുമുന്നില്‍ വഴിമാറുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പുവരെ ധോണി കളിക്കളത്തിലുണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ സച്ചിനു പിന്നിലായി രണ്ടാം സ്ഥാനം ധോണി അരക്കിട്ടുറപ്പിക്കും.

അതേസമയം മറ്റൊരു നാഴികകല്ലുകൂടി ധോണിയെക്കാത്തിരിക്കുകയാണ്. ഏകദിനത്തില്‍ 10000 ക്ലബിലെത്തുന്ന താരമാകാന്‍ ധോണിക്ക് വേണ്ടത് 109 റണ്‍സ് മാത്രമാണ്. ഇതുവരെ 9891 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിന്റെ റെക്കോര്‍ഡ് ധോണിയുടെ പേരിലാണുള്ളത്. 199 മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ നയിച്ചിട്ടുള്ളത്.