ഇനി ബാങ്ക് ലോണ്‍ കിട്ടാന്‍ പാടുപെടുമോ?

single-img
13 December 2017

ഇനി മുതല്‍ നിങ്ങള്‍ക്ക് ബാങ്ക് വായ്പ നല്‍കണോ വേണ്ടയോ എന്ന് നിങ്ങളുടെ സോഷ്യല്‍ മീഡിയയും മൊബൈല്‍ ആപ്പുകളും തീരുമാനിക്കും. നിങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്‌മെന്റ്‌സ് എന്നിവയ്ക്ക് പുറമെ വൈദ്യുതി ബില്‍ അടച്ച റെക്കോഡുകള്‍വരെ പരിശോധിച്ചായിരിക്കും ബാങ്കുകള്‍ ഇനി വായ്പ അനുവദിക്കുക.

ബാങ്ക് വായ്പ നല്‍കണോ എന്ന് മുമ്പ് ക്രഡിറ്റ് റേറ്റിങ് ഏജന്‍സികളാണ് തീരുമാനിച്ചിരുന്നത്. ലോണ്‍ നല്‍കുന്നതിനായി ബാങ്കുകള്‍ പരമ്പരാഗതമായി ക്രഡിറ്റ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോകളില്‍നിന്ന് ലഭിക്കുന്ന ക്രഡിറ്റ് സ്‌കോറാണ് പരിഗണിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നുമാറി വ്യക്തികളുടെ സ്വഭാവം കൂടി വിശകലനം ചെയ്താകും ഇനി വാഹന ഭവന വ്യക്തിഗത വായ്പകള്‍ അനുവദിക്കുക. ക്രഡിറ്റ് ബ്യൂറോകള്‍ നല്‍കുന്ന വിവരങ്ങള്‍ അപ്രസക്തമാകുകയാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ദീപക് ഗുപ്ത പറയുന്നു.

ഇതിനായി ബാങ്കുകളിലെ ലോണ്‍ ഓഫീസര്‍മാര്‍ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവ നിരീക്ഷിക്കും. പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നിവയും പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഈ വഴി തിരഞ്ഞെടുത്തു കഴിഞ്ഞെന്നാണ് വിവരം.

പണം നിക്ഷേപിക്കുന്നതിനും ചെലവ് ചെയ്യുന്നതിനും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഇടപാടിന്റെ വിശദവിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇടപാട് വിവരങ്ങള്‍ വായ്പ നല്‍കുമ്പോള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഏതൊക്കെ പണമിടപാടുകള്‍ നിങ്ങള്‍ യഥാസമയം ചെയ്തുവെന്നും ഏതൊക്കെ വൈകിയെന്നും തുടങ്ങി എത്ര തുക കൈമാറി, ബാങ്ക് നോട്ടീസുകള്‍ക്ക് നിങ്ങള്‍ മറുപടി നല്‍കിയോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ആപ്പിലൂടെ സാധിക്കും. ആപ്പിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ താമസസ്ഥലവും ജോലിചെയ്യുന്ന ഇടവും അറിയാം.

എത്രസമയം വീട്ടില്‍ ചെലവഴിക്കുന്നു, എത്രസമയം ജോലിചെയ്യുന്നു, എത്രത്തോളം യാത്രചെയ്യുന്നു തുടങ്ങിയ വിവരങ്ങളെല്ലാം 30 സെക്കന്‍ഡുകൊണ്ട് ലഭിക്കും. ഇത്തരത്തില്‍ നിങ്ങള്‍ക്ക് വായ്പ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബാങ്കിന് എളുപ്പത്തില്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.