ജിഷയെ കൊന്നത് താനല്ലെന്ന് അമീറുല്‍: ജിഷയെ മുന്‍പരിചയമില്ല: പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി

single-img
13 December 2017

പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന വാദം ആവര്‍ത്തിച്ച് പ്രതി അമീറുല്‍ ഇസ്‌ലാം. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുല്‍ പറഞ്ഞു. തുടര്‍വാദത്തിനായി കോടതിയിലെത്തിക്കുമ്പോഴായിരുന്നു അമീറിന്റെ പ്രതികരണം.

അതേസമയം, കേസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കേസ് കേന്ദ്ര സംഘം അന്വേഷിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. അസമീസ് ഭാഷ മാത്രം അറിയുന്ന അമീറിന് പൊലീസിന്റെ ചോദ്യങ്ങള്‍ മനസിലായില്ല. ഇതു പോരായ്മയാണെന്നും പ്രതിഭാഗം വാദിച്ചു.

കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി. നിലവില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് നടക്കുന്നത്. അത് സംബന്ധിച്ച വാദമാണ് നടത്തേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു. സംഭവത്തില്‍ അമീറുല്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മരണംവരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതിക്കെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്.

ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രില്‍ 28നു കൊല നടത്തിയെന്നാണു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി അമീര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ജിഷ എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി.

ദേഷ്യം ശമിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ കത്തികൊണ്ടു മുറിവേല്‍പ്പിച്ചു. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.