ഭാര്യയെ കബളിപ്പിച്ച് കാമുകിയുമായി കറങ്ങി നടന്ന് മോഷണം: തിരുവനന്തപുരത്തെ മോഷ്ടാക്കളെ വലയിലാക്കിയത് നാടകീയമായി

single-img
12 December 2017

തിരുവനന്തപുരം: ഭാര്യയെ കബളിപ്പിച്ച് കാമുകിയുമായി കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി മോഷണക്കേസില്‍ പിടിയിലായതോടെ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ക്കിടെക്ട് ശങ്കറിന്റെ പൂജപ്പുര മുടവന്‍മുകളിലെ വീട്ടില്‍ നിന്ന് പണവും വിലപിടിപ്പുള്ള വെള്ളി പാത്രങ്ങളും കവര്‍ച്ച ചെയ്ത കേസിലാണ് പശ്ചിമ ബംഗാള്‍ ഹൂഗഌ സ്വദേശി സുഭാശു മണ്ഡല്‍ ( 52), ഇയാളുടെ കാമുകി മമാനി സര്‍ക്കാര്‍ ( 38) എന്നിരെ പൂജപ്പുര പൊലീസ് പിടികൂടിയത്.

ഇതോടെയാണ് കവര്‍ച്ചയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ നീണ്ട പ്രണയവും മാസങ്ങളായുള്ള ഒളിവാസവും പുറത്തു വന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ പലവിധ ജോലികള്‍ ചെയ്ത് കഴിഞ്ഞുവരികയായിരുന്നു സുഭാശു. വല്ലപ്പോഴും നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും കണ്ട് മടങ്ങിവന്നിരുന്ന ഇയാള്‍ ഏതാനും മാസം മുമ്പാണ് തൊഴില്‍തേടി ആര്‍ക്കിടെക്റ്റ് ശങ്കറിന്റെ ഫാമിലെത്തിയത്.

തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് മലയാളം സംസാരിക്കാനുള്ള കഴിവും പക്വതയും ജോലിയിലുള്ള താല്‍പ്പര്യവും കണക്കിലെടുത്ത് ഇയാള്‍ക്ക് ഫാമില്‍ ജോലി നല്‍കുകയായിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്നും ഭാര്യ വരുന്നുണ്ടെന്നും അവര്‍ക്ക് കൂടി ജോലി നല്‍കണമെന്നും സുഭാശു അപേക്ഷിച്ചു.

എന്നാല്‍ കാമുകിയായ മമാനി സര്‍ക്കാരിനെ ഭാര്യ അനിതാ മണ്ഡലെന്ന പറഞ്ഞാണ് സുഭാശു പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഭാര്യയുടെ തിരിച്ചറിയല്‍ രേഖകളും ബാഗും കവര്‍ച്ചചെയ്യപ്പെട്ടെന്ന് പറഞ്ഞാണ് സുഭാശു മമാനിയേയും ജോലിക്ക് നിയോഗിച്ചു. ദമ്പതികളായതിനാല്‍ സഹജീവനക്കാരും ഇവരോട് ആ മമത കാട്ടിയിരുന്നു. നാട്ടിലെ ബന്ധുക്കളെ വിളിക്കാന്‍ ഫോണില്ലാതെ വിഷമിച്ച മമാനിയ്ക്ക് ഫാമിലെ ഒരു ജീവനക്കാരന്‍ തന്റെ പഴയ ഫോണ്‍ സമ്മാനിച്ചു.

ഫാമിലെ സന്തോഷകരമായ ജീവിതത്തിനിടെ രണ്ട് മാസം മുമ്പാണ് ആര്‍ക്കിടെക്റ്റ് ശങ്കറിന്റെ മുടവന്‍ മുകളിലെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന അമൂല്യമായ പുരാതന പാത്രങ്ങളുമായി സുഭാശു മുങ്ങിയത്. പുരാതന പിത്തള വെള്ളി പാത്രങ്ങളില്‍ പലതും വിലപിടിപ്പുള്ളവയായതിനാല്‍ ഇവ കവര്‍ച്ച ചെയ്ത് നാടുവിടാന്‍ മാമനി സര്‍ക്കാരുമായി ചേര്‍ന്ന് ഇയാള്‍ പദ്ധതിയിട്ടു.

ഓണത്തിന് തൊട്ടുമുമ്പുള്ള ദിവസം ഫാമിലെ ജീവനക്കാര്‍ പലരും ഓണാഘോഷത്തിരക്കിലായിരുന്നു. ആ തക്കം നോക്കി പാത്രങ്ങളുമായി ഫാം ഹൗസ് വിട്ട സുഭാശു അവ തുണിയിലും ചാക്കിലും മറ്റും പൊതിഞ്ഞ് ട്രെയിന്‍മാര്‍ഗം നാട്ടിലേക്ക് കടക്കുകായിരുന്നു.

അതേസമയം ഫാമില്‍ നിന്ന് സുഭാശുവിനെ കാണാതായതോടെ സംഭവത്തില്‍ ശങ്കര്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. പൊലീസ് റെയില്‍ അലര്‍ട്ട് മുഖാന്തിരം ഫോട്ടോയും മറ്റും പ്രചരിപ്പിച്ച് അന്വേഷണം തുടര്‍ന്നു. എന്നാല്‍ സുഭാശുവിനെ കാണാതായതില്‍ ദു:ഖം നടിച്ച് കഴിഞ്ഞ മമാനി ഇതിനിടെ ഫാമിലെ ജീവനക്കാരുടെ ഓണം ബോണസുമായി മുങ്ങിയതോടെയാണ് സുഭാശുവും മമാനിയും ചേര്‍ന്നുള്ള നാടകമായിരുന്നു ഇതെന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടത്.

ഇതോടെ സൈബര്‍ സെല്‍ സഹായത്തോടെ ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. സുഭാശുവിന്റെ തിരിച്ചറിയല്‍ കാര്‍ഡിലെ വിലാസം അനുസരിച്ച് പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെങ്കിലും മേല്‍വിലാസം കണ്ടെത്താനായില്ല.

അതിനിനിടെ മമാനിയുടെ ഫോണ്‍ നമ്പര്‍ നിരീക്ഷിച്ചിരുന്ന പൊലീസിന് ഇതിലേക്ക് വന്ന ചില കോളുകളുടെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് ഹൂഗ്ലിയിലെത്തിയത്. കോട്ടയം സ്വദേശിയായ ഒരു മലയാളിയുടെ ടീഷോപ്പില്‍ സുഭാശുവിന്റെ ഫോട്ടോ കാണിച്ചു.

സമീപത്തെ പച്ചക്കറികടയില്‍ ജോലിനോക്കുന്ന സുഭാശുവാണ് അതെന്ന് കടയിലെത്തിയ റിക്ഷക്കാരന്‍ തിരിച്ചറിയുകയും ചെയ്തതോടെ സുഭാശു പൊലീസിന്റെ വലയിലാവുകയായിരുന്നു. എന്നാല്‍ കവര്‍ച്ചയില്‍ പങ്കാളിയായ ‘അനിതാ മണ്ഡല്‍ ‘ സുഭാശുവിന്റെ ഭാര്യയാണെന്ന് നാട്ടുകാരും വെളിപ്പെടുത്തിയതോടെ അവരെ പിടികൂടാന്‍ ഹൂഗഌ കിയോട്ട ഗവണ്‍മെന്റ് കോളനിയിലെത്തി.

എന്നാല്‍ അനിതാ മണ്ഡലിനെ കണ്ട പോലീസുകാരും ഞെട്ടി. പിന്നീട് ഉണ്ടായ സംഭവങ്ങള്‍ അവരെ ധരിപ്പിച്ച പൊലീസ് വാട്ട്‌സ് ആപ്പിലുണ്ടായിരുന്ന ഫോട്ടോ കാണിച്ചുകൊടുത്തപ്പോഴാണ് കഥയാകെ മാറിയത്. ഫോട്ടോയിലുള്ളത് സമീപവാസിയായ മമാനി സര്‍ക്കാരാണെന്നും അനിത തിരിച്ചറഞ്ഞതോടെ ഭര്‍ത്താവിന്റെ കാമുകിയെ അനിത തന്നെ പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.