അറസ്റ്റ് ഒഴിവാക്കാന്‍ സുരേഷ് ഗോപിയുടെ തിരക്കിട്ട ശ്രമം: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

single-img
12 December 2017

വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്. വെള്ളിയാഴ്ച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും.

കേസ് ഗുരുതരമാകുമെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ നീക്കമെന്നാണ് സൂചന. എത്രയും വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തത്. വിശദമായ വാദം കേള്‍ക്കലിനായി കോടതി ഇത് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനാണ് സുരേഷ് ഗോപിയുടെ ശ്രമം. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരുന്നത്. അന്വേഷണസംഘം പുതുച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷ് ഗോപിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.

പുതുച്ചേരിയില്‍ വ്യാജവിലാസത്തിലാണ് തന്റെ ഔഡികാര്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തത്. ഇന്ന് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഒരു വാടകച്ചീട്ട് സുരേഷ് ഗോപി സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ത്തന്നെ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 1995 മുതല്‍ പുതുച്ചേരിയില്‍ വീട് വാടകയ്ക്ക് എടുത്തെന്നാണ് സുരേഷ് ഗോപിയുടെ വാദം. എന്നാല്‍, ഇന്ന് സമര്‍പ്പിച്ച രേഖകളിലുള്‍പ്പെട്ട മുദ്രപ്പത്രം 2012ലേതാണ്.