സെല്‍ഫിക്ക് വേണ്ടി അധികം സാഹസം കാണിക്കരുത്: ബഹുനില കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുത്ത യുവാവ് വീണ് മരിച്ചു

single-img
12 December 2017


ചൈനീസ് സൂപ്പര്‍മാന്‍ എന്ന് വിളിക്കുന്ന 26കാരന്‍ വു യോങിങ് സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. 62 നിലകളുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു അപകടം. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് ഇയാള്‍ ഈ സാഹസിക പ്രകടനം നടത്തിയത്.

രണ്ട് പുള്‍ അപ്പുകള്‍ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇയാള്‍ എടുക്കുന്നുണ്ട്. മൂന്നാമത്തെ പുള്‍അപ്പെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമാക്കാനാകുന്നില്ല. 15 സെക്കന്റോളം ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയാണ് വു വീണത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മരണം സ്ഥിരീകരിച്ചത്.

വുവിന്റെ കാമുകിയാണ് സോഷ്യല്‍മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയിലും മറ്റും വുവിന്റെ വീഡിയോകള്‍ സൂപ്പര്‍ ഹിറ്റാണ്. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ സെല്‍ഫി സ്റ്റിക്കുമായി നടത്തുന്ന സാഹസിക പ്രകടനങ്ങളാണ് കൂടുതലും. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഇയാള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തിയിരുന്നത്.