സൗദിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ദുരിതത്തിലായി

single-img
12 December 2017

റിയാദ്: സൗദിയില്‍ തണുപ്പിനും ശീതകാറ്റിനും കാഠിന്യമേറിയതോടെ പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലായി. ഡിസംബര്‍ തുടക്കം മുതല്‍ മേഖലയില്‍ തണുപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഞായറാഴ്ച മുതല്‍ പകല്‍ 17 ഡ്രിഗ്രിയില്‍ താഴെയായിരുന്നു താപനില.

ഞായറാഴ്ച പകല്‍ ഏറ്റവും കുറഞ്ഞ താപനില ആറ് ഡിഗ്രി വരെയായിരുന്നു. ശക്തമായ പൊടിക്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിയാദിലെ വിവിധ പ്രവിശ്യകളിലുണ്ടായത്. കിഴക്കന്‍ പ്രവിശ്യകളില്‍ ചിലഭാഗത്ത് മഴയുമുണ്ടായി. പൊടിക്കാറ്റിന് പിന്നാലെ അന്തരീക്ഷം ശക്തമായ തണുപ്പിന് വഴിമാറുകയായിരുന്നു.

വരും ദിവസങ്ങളില്‍ അതിശൈത്യത്തിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
അല്‍ ജൗഫ്, ഹായില്‍, ഖമീസ് മുഷൈത് എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെ അന്തരീക്ഷ താപം കുറയാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ റിയാദില്‍ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഉണ്ടായില്ല. മഴ പെയ്യാത്ത സാഹചര്യത്തില്‍ അതിശൈത്യം കുറയാനാണ് സാധ്യത. റിയാദില്‍ ഇന്നലെ പകല്‍ താപനില 22 ഡിഗ്രയായിരുന്നു. രാത്രിയും പുലര്‍ച്ചെയും താപനില കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കുറവായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കിലും റിയാദില്‍ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നുണ്ട്.