പ്രവാസിയുടെ ഭാര്യ 23കാരനൊപ്പം ഒളിച്ചോടിയ സംഭവം; അന്വേഷണത്തില്‍ വ്യാജ ലോട്ടറി ടിക്കറ്റും കള്ളനോട്ടുകളും കണ്ടെത്തി

single-img
12 December 2017

വടകര: ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഷോപ്പ് ഉടമയും ജീവനക്കാരിയും ഒളിച്ചോടിയ സംഭവത്തില്‍ അന്വേഷണത്തിനിടെ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസമാണ് വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ അംജാദിനെയും (23) ജീവനക്കാരി ഒഞ്ചിയം സ്വദേശി പ്രവീണയെയും (32) കോഴിക്കോട് പുതിയറയിലെ ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജനോട്ടും ലോട്ടറിയും നിര്‍മിച്ചതായുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് വ്യാജ ലോട്ടറി ടിക്കറ്റും കള്ളനോട്ടുകളും കണ്ടെത്തി. 100 രൂപയുടെ 50ഉം, 50ന്റെ 10ഉം കള്ളനോട്ടുകളും, കേരള ലോട്ടറിയുടെ 500 രൂപ സമ്മാനമടിച്ച നാല് വ്യാജ ടിക്കറ്റുകളുമാണ് കണ്ടെത്തിയത്.

ഒരു സ്വകാര്യ ചാനലിന്റെ ഐഡന്റിറ്റി കാര്‍ഡും ഇവര്‍ കൃത്രിമമായി തയാറാക്കിയിട്ടുണ്ട്. കള്ളനോട്ടുകളും വ്യാജ ലോട്ടറിയും നിര്‍മിച്ചതിന് ഇവര്‍ക്കെതിരെ എടച്ചേരി പോലീസ് ഐ.പി.സി 465, 468, 471, 420, 489എ,(സി), ആര്‍.ഡബ്ല്യു 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നോട്ടുകളും മറ്റും പ്രിന്റ് ചെയ്യുന്നതിനായി ഒന്നാം പ്രതിയായ അംജദിന് പ്രിന്ററും സ്‌കാനറും എത്തിച്ചത് രണ്ടാം പ്രതിയായ പ്രവീണയാണെന്ന് പോലീസ് പറഞ്ഞു. ഇരുവരേയും വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്തേക്കു കൊണ്ടുപോയി.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട് വടകര കോടതിയില്‍ അപേക്ഷ നല്‍കും. മൂന്നുമാസം മുമ്പാണ് അംജദിനെ കാണാതായത്. ഇതേകുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും മൊബൈല്‍ ഫോണുകളെല്ലാം സ്വിച്ച് ഓഫ് ചെയ്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല.

ഇതിനിടയിലാണ് ഇക്കഴിഞ്ഞ നവംബര്‍ 13 മുതല്‍ പ്രവീണയെയും കാണാതായത്. ഇതേതുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് ജയില്‍ റോഡിലെ ഒരു വീടിന്റെ ഒന്നാം നിലയില്‍ ഇവര്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ഞായറാഴ്ച പുലര്‍ച്ചയോടെ അവിടെനിന്ന് പിടികൂടുകയുമായിരുന്നു.

ഭര്‍ത്താവ് വിദേശത്തുള്ള പ്രവീണയ്ക്ക് ഏഴു വയസുള്ള കുട്ടിയുണ്ട്. അംജാദിന്റെ കടയില്‍ ജോലി ചെയ്യവേ ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും നാടുവിടാന്‍ തീരുമാനിക്കുകയുമായിരുന്നു. പുതിയറയിലെ ഫ്‌ലാറ്റില്‍ ഓണ്‍ ലൈന്‍ ബിസിനസ് തുടങ്ങിയിരുന്നു.

ഇതു മൂലം അധികമൊന്നും പുറത്തിറങ്ങാത്തതു കൊണ്ട് പൊലീസിന് കണ്ടെത്താന്‍ ബുദ്ധിമുട്ടായി. അംജാദ് ഒരു ഫോണ്‍ നമ്പരിലേക്ക് പതിവായി വിളിക്കുന്നത് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പൊലീസ് പുതിയറയില്‍ എത്തിയത്.

ഇടപാടുകള്‍ ഇന്റര്‍നെറ്റ് വഴി നടത്തിയിരുന്ന അംജാദ് ചുരുങ്ങിയ ദിവസമേ ഓരോ സിം കാര്‍ഡും ഉപയോഗിച്ചിരുന്നുള്ളൂ. സിഐയ്‌ക്കൊപ്പം രണ്ടാഴ്ചയിലധികമായി എഎസ്‌ഐമാരായ സി.എച്ച്. ഗംഗാധരന്‍, രാജീവന്‍, യൂസഫ്, ഷാജി, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് ഒളിച്ചോട്ടവും ഓണ്‍ലൈന്‍ ബിസിനസുമൊക്കെ എന്നാണ് അംജാദ് പോലീസിനോട് ആദ്യം പറഞ്ഞത്. അതേസമയം മറ്റു ക്രിമിനല്‍ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നു പരിശോധിച്ചുവരികയാണ് പോലീസ്.