ചെറുപ്പം വീണ്ടെടുത്ത് മോഹന്‍ലാല്‍: 51 ദിവസം കൊണ്ട് കുറച്ചത് 18 കിലോ

single-img
12 December 2017

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലെ മാണിക്ക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ടും ചെറുപ്പം വീണ്ടെടുത്ത് മോഹന്‍ലാല്‍. സിനിമയുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്തിനും തയ്യാറാവുന്ന മോഹന്‍ലാല്‍ ഒടിയന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം അമ്പത്തിയൊന്നു ദിവസം നീണ്ട കഠിന പരിശീലനത്തിലായിരുന്നു.

പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചിരുന്ന പരിശീലനത്തിനൊടുവില്‍ മാസ് ലുക്കില്‍ പുറത്തു വന്ന മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 51 ദിവസം കഠിനവ്രതത്തോടെ നടത്തിയ പരിശീലനത്തിനൊടുവില്‍ 18 കിലോയാണ് മോഹന്‍ലാല്‍ കുറച്ചത്.

ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ആറുമണിക്കൂര്‍ വരെയായിരുന്നു ദിവസവും മോഹന്‍ലാല്‍ ജിമ്മില്‍ ചെലവഴിച്ചത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും പരിശീലന സമയത്ത് മോഹന്‍ലാലിന്റെ ഒപ്പമുണ്ടായിരുന്നു.

ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.

ഒടിയന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നത് ജനുവരിയിലാണ്. പാലക്കാട്ടെ ചിത്രീകരണമാകും ഇനി നടക്കുകയെന്നും വിവരമുണ്ട്. പേരുകൊണ്ടും രൂപം കൊണ്ടും പുലിമുരുകനുശേഷം വമ്പന്‍ ഹിറ്റാകുമെന്നു പ്രതീക്ഷിക്കുന്ന ചിത്രംകുടിയാണിത്.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണു ചിത്രത്തിന്റെ തിരക്കഥ.

ഒന്നിലേറെ ലുക്കുകളിലാണു ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഒടിവിദ്യയില്‍ അഗ്രഗണ്യനായ മാണിക്യന്‍ മികച്ച അത്‌ലറ്റുകൂടിയാണ്. നാലുകാലില്‍ ഓടാനും സാധാരണക്കാരെക്കാള്‍ ഉയരത്തില്‍ ചാടാനും കഴിയും. അടുത്തിടെ ലാലിന്റെ ചെറുപ്പം അഭിനയിക്കാന്‍ പറ്റിയ കുട്ടികളെ ക്ഷണിച്ചിരുന്നു.

കളരിപ്പയറ്റ് അടക്കമുള്ളവയില്‍ പരിശീലനം ലഭിച്ചവരും മികച്ച മെയ്വഴക്കവും ഉള്ളവരായിരിക്കണമെന്ന് കാസ്റ്റിങ് കോളില്‍ വ്യക്തമാക്കിയിരുന്നു. ജിംനാസ്റ്റിക്‌സ്, മറ്റ് കായികാഭ്യാസങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തില്‍ സ്റ്റണ്ട് ഒരുക്കുക.

ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ സീനുകളാണ് ചിത്രത്തിന്റെ ആകര്‍ഷണമെന്നും ശ്രീകുമാര്‍ പറഞ്ഞു. അഞ്ചു സറ്റണ്ടുകളാണ് പീറ്റര്‍ഹെയ്ന്‍ സംവിധാനം ചെയ്യുക. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ടാകും.