ജലവിമാനത്തില്‍ പറന്നിറങ്ങി പ്രധാനമന്ത്രിയുടെ പുതിയ തന്ത്രം: പൊളിച്ചടുക്കി രാഹുല്‍ ഗാന്ധി

single-img
12 December 2017

ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന്റെ കലാശക്കൊട്ടിന്റെ ഭാഗമായി അഹമ്മദാബാദ് നഗരത്തില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനം ഇറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷണം’.

അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. അഹമ്മദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍, സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോദി പ്രഖ്യാപിച്ചിരുന്നു.

‘രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൊവ്വാഴ്ച സബര്‍മതി നദിയില്‍ ജലവിമാനം ഇറങ്ങും. ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാന്‍ മടങ്ങുക’ മോദി പറഞ്ഞു. എല്ലായിടത്തും വിമാനത്താവളങ്ങള്‍ നിര്‍മിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ജലവിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മോദി വ്യക്തമാക്കി.

എന്നാല്‍ യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള രാഷ്ട്രീയ നാടകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്രയെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മോദി ശ്രമിക്കുന്നതായി രാഹുല്‍ ആരോപിച്ചത്.

ജലവിമാനത്തിനോ അതില്‍ യാത്ര ചെയ്യുന്നതിലോ യാതൊരു പ്രശ്‌നവുമില്ല. സത്യത്തില്‍ അതൊരു നല്ല കാര്യമാണ്. എന്നാല്‍, ഇന്നത്തെ മോദിയുടെ യാത്ര യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ്. ചോദ്യം ഇതാണ്, കഴിഞ്ഞ 22 വര്‍ഷത്തെ ഭരണകാലത്ത് ഗുജറാത്തിനായി ബിജെപി എന്താണ് ചെയ്തിട്ടുള്ളത്? – രാഹുല്‍ ചോദിച്ചു.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങളില്‍നിന്ന് അകമഴിഞ്ഞ പിന്തുണയും സ്‌നേഹവുമാണ് എനിക്കു ലഭിച്ചത്. ഈ അനുഭവം എനിക്കൊരിക്കലും മറക്കാനാകില്ല. നിങ്ങളുടെ സ്‌നേഹം എന്റെ ഹൃദയത്തെയാണ് സ്പര്‍ശിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതിക്ക് മാറ്റം വന്നേ തീരൂവെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി എന്ന വാക്ക് പോലും പറയുന്നത് അവസാനിപ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ വിമാന ഇടപാടും അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളും വാര്‍ത്തയായതോടെയാണ് മോദി അഴിമതിയെക്കുറിച്ച് മിണ്ടാതായതെന്നും രാഹുല്‍ ആരോപിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ നരേന്ദ്ര മോദി തൊടുത്തുവിട്ട വിമര്‍ശന ശരങ്ങളെയും രാഹുല്‍ പ്രതിരോധിച്ചു. മന്‍മോഹനെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. മോദിയെക്കുറിച്ച് മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിലപാട് ഞാന്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്.

നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ല. അതുപോലെതന്നെ മന്‍മോഹന്‍ സിങ്ങിനെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങളും അംഗീകരിക്കുന്നില്ല, രാഹുല്‍ വ്യക്തമാക്കി.

പ്രാര്‍ഥിക്കാനായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്നും രാഹുല്‍ ചോദിച്ചു. ജനങ്ങളുടെ നല്ല ഭാവിക്കായി എല്ലാ ക്ഷേത്രങ്ങളിലും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. കേദാര്‍നാഥിലും ഞാന്‍ പോയിട്ടുണ്ട്. മുന്‍പ് ഞാന്‍ ക്ഷേത്രങ്ങളൊന്നും സന്ദര്‍ശിച്ചിട്ടില്ലെന്നത് ബിജെപിയുടെ മാത്രം തിയറിയാണെന്നും രാഹുല്‍ പറഞ്ഞു.