മമ്മൂട്ടിയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്കെതിരെ ‘വന്‍ ആക്രമണം’

single-img
12 December 2017

22ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിലാണ് മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ ചിത്രമായ കസബയെയും പാര്‍വതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നായിരുന്നു പാര്‍വതിയുടെ പ്രതികരണം.

പേരെടുത്ത് പറയാതെയാണ് നടി മമ്മൂട്ടിയെ വിമര്‍ശിച്ചത്. സിനിമയുടെ പേര് പറയാന്‍ വിസമ്മതിച്ച പാര്‍വതി വേദിയില്‍ ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരമാണ് കസബയുടെ പേര് പറഞ്ഞത്. മമ്മൂട്ടിയുടെ കസബയിലെ ഡലയോഗുകളും ആംഗ്യങ്ങളും സ്ത്രീകളെ അവഹേളിക്കുന്നതാണെന്ന് പറയാതെ പറയുകയായിരുന്നു പാര്‍വതി.

തുടര്‍ന്ന് പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത ആക്രമണമാണ് നടക്കുന്നത്. മമ്മൂട്ടിയെ പാര്‍വതി അപമാനിച്ചു എന്ന തരത്തിലാണ് പലരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. പാര്‍വതിക്കെതിരെ ശക്തമായ അധിക്ഷേപങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്.

രണ്ട് അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരം ആണോ. കേരളത്തില്‍ ഇനി നിന്റെ ഒരൊറ്റ പടം പോലും റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ഇക്കാ ഫാന്‍സ് അനുവധിക്കില്ല, മഴക്കാലത്ത് മണ്ണിര കേറി കൊഴുത്തൂന്ന് കയറി മൂര്‍ഖന്റെ വീട്ടില്‍ വന്ന് പെണ്ണാലോചിക്കല്ലെ, മമ്മൂട്ടി ആ സിനിമയില്‍ അഭിനയിച്ചാല്‍ നാടു നശിക്കും… പുരുഷന്മാര്‍ വഴി തെറ്റും എന്നൊക്കെ പറയുന്നത് അപഹാസ്യം ആണ്.

സിനിമാ ഫീല്‍ഡ് കുട്ടിക്ക് ഇഷ്ടമല്ലേല്‍…അഭിനയം നിര്‍ത്തി വീട്ടില്‍ പോയീ ഇരിക്കണം, ഇത്ര മോശം ഫീല്‍ഡ് ആണെങ്കില്‍ നീ പുറത്തു പോകു.. ഇതില്‍ നിന്നും പണവും പ്രശസ്തിയും നേടിയിട്ട് ഇതിനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥം ഇല്ല…. എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

നടനും തിരക്കഥാകൃത്തുമായി രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു കസബ. മമ്മൂട്ടി അവതരിപ്പിച്ച സിഐ രാജന്‍ സ്‌കറിയ എന്ന കഥപാത്രത്തിന്റെ സ്ത്രീകളോടുള്ള അശ്ലീല ചുവയുള്ള സംഭാഷണങ്ങളും പ്രവര്‍ത്തികളും അന്നേ വിവാദമായിരുന്നു. അതിനെ വീണ്ടും ചര്‍ച്ചയാക്കിരിക്കുകയാണ് പാര്‍വ്വതിയുടെ വാക്കുകള്‍. നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്.

ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, താന്‍ ഏറെ ബഹുമാനിക്കുന്ന നടന്‍ സ്ത്രീകളോട് വളരെ മോശമായി സംസാരിക്കുന്നത് തന്നെ അത്യധികം വേദനിപ്പിച്ചെന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്.

അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ്. ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണെന്നും പാര്‍വതി വ്യക്തമാക്കി. ഈ സിനിമയെക്കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.