നിലപാട് കടുപ്പിച്ച് കുവൈത്ത്

single-img
12 December 2017

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പൊതുമാപ്പില്ലെന്ന് ആവര്‍ത്തിച്ചാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഇഖാമയില്ലാത്തവര്‍ സ്വമേധയാ മുന്നോട്ടുവരികയാണെങ്കില്‍ പിഴയടച്ചു രേഖകള്‍ ശരിയാക്കുന്നതിനും നാട്ടിലേക്ക് പോയശേഷം പുതിയ വിസയില്‍ തിരിച്ചു വരുന്നതിനും അവസരം നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ പിന്നീട് തിരിച്ചു വരാന്‍ കഴിയാത്ത വിധം നാടുകടത്തുമെന്നും മുന്നറിയിപ്പുണ്ട്. കുവൈത്ത് താമസകാര്യ വകുപ്പ് ഡയറക്ടര്‍ തലാല്‍ അല്‍ മറാഫിയാണ് ഇക്കാര്യം അറിയിച്ചത്. താമസകാര്യ വകുപ്പിന്റെ വാതിലുകള്‍ അനധികൃത താമസക്കാര്‍ക്ക് വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും സ്വമേധയാ മുന്നോട്ടുവരുന്നവര്‍ക്ക് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗത്തു നിന്നു എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ നടപടികളോ പോലീസ് കേസോ സംബന്ധിച്ച് പേടിക്കേണ്ടെന്നും അതേസമയം നിശ്ചിത സമയത്തിനകം ഇളവ് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അല്‍ മറാഫി പറഞ്ഞു. താമസ രേഖകള്‍ ഇല്ലാതെ കഴിയുന്ന വിദേശികളെ മുഴുവനായി പുറന്തള്ളുകയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പദ്ധതി. ഇതിനായി പരിശോധനകള്‍ ശക്തമാക്കുമെന്നും താമസകാര്യ വകുപ്പ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.