ജിഷ വധക്കേസിൽ കോടതി ഇന്നു വിധി പറയും

single-img
12 December 2017

പെരുമ്പാവൂർ ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധി പറയും. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാകും നിര്‍ണായകമാകുക എന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാമാണു കേസിലെ പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ അണിനിരത്തിയാണു പ്രോസിക്യൂഷൻ വാദിച്ചത്.

പ്രതിക്കെതിരെ പരമാവധി ശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാൽ നിലവിലെ തെളിവുകൾ പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്നാണു പ്രതിഭാഗം വാദം. മാർച്ച് 13 നാണു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി​ 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28-നാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ നിയമവിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്