അമീറുളിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് ബി.സന്ധ്യ; നിരപരാധിക്ക് കിട്ടിയ ശിക്ഷയെന്ന് അഡ്വ ആളൂര്‍

single-img
12 December 2017

ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് വധ ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. മരണ ശിക്ഷയില്‍ കുറഞ്ഞതൊന്നും അമീറുള്‍ ചെയ്ത കുറ്റത്തിന് പകരമാകില്ലെന്നും കോടതി വിധി എല്ലാവര്‍ക്കും ഒരു പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു.

അതേസമയം ജിഷവധക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച് എ.ഡി.ജി.പി ബി.സന്ധ്യ രംഗത്ത് വന്നു. കേസ് നല്ല രീതിയിലാണ് അന്വേഷിച്ചത്. വളരെ പ്രഫഷണലായും നിഷ് പക്ഷവുമായുമാണ് അന്വേഷണ സംഘം പ്രവര്‍ത്തിച്ചത്. കഠിനാധ്വാനം ചെയ്ത് തെളിവുകള്‍ ശേഖരിച്ച സംഘം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നത്തെ വിധിയില്‍ സംതൃപ്തിയുണ്ടെന്നും സന്ധ്യ അറിയിച്ചു.

അതിനിടെ നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് അമിറുള്‍ ഇസ്‌ലാമിന്റേതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍ പറഞ്ഞു. പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്‍കാവൂയെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടാണ് പ്രതി ജയിലില്‍ കഴിയുന്നത്.

യഥാര്‍ഥ പ്രതികള്‍ മറ്റുസ്ഥലത്ത് മറഞ്ഞു നില്‍ക്കുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അദ്യം മുതലെ ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ പുതിയ അന്വേഷണ സംഘത്തിന്റെ ആവശ്യമുണ്ടാകില്ലായിരുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അമീറുള്‍ ഇസ്ലാമിനെ പ്രതിയാക്കിയത്.

പൊലീസ് ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരായി ഉപയോഗിക്കാന്‍ സാധിക്കില്ല. ശാസ്ത്രീയമായ തെളിവുകള്‍ മാത്രം വെച്ച് പ്രതിയെ ശിക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ആളൂര്‍ പ്രതികരിച്ചു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് വിധിച്ചത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഉണ്ണികൃഷ്ണനും പ്രതിക്ക് വേണ്ടി അഡ്വ. ബി.എ ആളൂരും ഹാജരായി. അമീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയില്ല.

പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റം ചെയ്തിട്ടില്ലെന്നും വിധിയിലുണ്ട്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെയും കുടുംബത്തിന്റെയും ആവശ്യം. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. എന്‍ അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്.

എന്നാല്‍ നിലവിലുളള തെളിവുകള്‍ പ്രതിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോന്നവയല്ലെന്ന വാദമാണ് പ്രതിയുടെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ കോടതിയിലുയര്‍ത്തിയത്. വിധി കേള്‍ക്കുന്നതിനായി ജിഷയുടെ അമ്മ രാജേശ്വരിയും പ്രതി അമീറും കോടതിയിലെത്തിയിരുന്നു.

ദലിത് പീഡനം, കൊലപാതകം അടക്കം 17 വകുപ്പുകളാണ് അന്വേഷണ സംഘം പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശാസ്ത്രീയമായ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് കണ്ടെത്തിയിരുന്നത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമിറുള്‍ ഇസ്‌ലാമിന്റെ ഉമിനീര്‍, കത്തിയില്‍നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമിറുളിന്റെ വിരലടയാളം എന്നിവ ജിഷയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ അഞ്ച് തെളിവുകളാണ് പ്രതിക്കെതിരെ പൊലീസ് ശേഖരിച്ചിരുന്നത്. കേരളത്തില്‍ ആദ്യമായി ശാസ്ത്രീയ തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിച്ച കേസ് കൂടിയായിരിക്കും ജിഷ വധക്കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കല്‍), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക), ദലിത് പീഡന നിരോധന നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായി ഒരു വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അമീറുല്‍ ഇസ്ലാം.

ആറ് മാസത്തോളം കേസില്‍ രഹസ്യവിചാരണ നടന്നു. കേസില്‍ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു. എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു. 2016 സെപ്റ്റംബര്‍ 17നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 10നാണ് പ്രതി അമിറുള്‍ ഇസ്‌ലാം പൊലീസിന്റെ പിടിയിലാകുന്നത്.