മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തോടെ ‘ധോണി’ വിരമിക്കും

single-img
12 December 2017

മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനത്തിനുശേഷം ധോണി വിരമിക്കും. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയല്ല, പൊലീസ് നായ ‘ധോണി’യാണ് വിരമിക്കാന്‍ പോകുന്നത്. 10 വര്‍ഷമായി മൊഹാലി ജില്ലാ പൊലീസിനെ സേവിക്കുന്ന സ്‌നിഫര്‍ ഡോഗിന് 13ന് നടക്കുന്ന ഏകദിനത്തിനുശേഷം വിശ്രമമനുവദിച്ചിരിക്കുകയാണ്.

2007 മുതല്‍ ധോണി പൊലീസ് സേനയുടെ ഭാഗമാണ്. മയക്കുമരുന്നു പിടിത്തം, സ്‌ഫോടക വസ്തുക്കള്‍ തിരിച്ചറിയല്‍ പോലുള്ള പല പ്രധാന കേസുകളിലും മൊഹാലി പൊലീസിന് ധോണി തുണയായിട്ടുണ്ട്. ധോണിക്ക് ക്രിക്കറ്റുമായും ബന്ധമുണ്ട്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇക്കാലയളവില്‍ നടന്ന രാജ്യാന്തര മല്‍സരങ്ങളിലെല്ലാം മണംപിടിച്ച് ധോണിയുമുണ്ടായിരുന്നു പൊലീസിനൊപ്പം.

2011 ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ കാണാന്‍ ഇരുരാജ്യത്തെയും പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. അന്നു സുരക്ഷ കാത്തതാണ് ധോണിയുടെ കരിയറിലെ ഏറ്റവും വലിയ ഡ്യൂട്ടി. ലാബ്രഡോര്‍ ഇനത്തില്‍പെട്ട ധോണിയെക്കൂടാതെ ജോണ്‍, പ്രീതി എന്നീ നായ്ക്കളും അന്ന് വിരമിക്കുകയാണ്. മൂവര്‍ക്കും ഔദ്യോഗികമായിത്തന്നെ വിട നല്‍കും. ഇനി ഇവരെ ആവശ്യക്കാര്‍ക്ക് വളര്‍ത്താനായി വാങ്ങാം. ലേലത്തിലൂടെയാണ് ഉടമകളെ കണ്ടെത്തുക.