ചെന്നൈയില്‍ വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു: മുംബൈ-ലണ്ടന്‍ വിമാനം അസര്‍ബൈജാനില്‍ അടിയന്തിരമായി ഇറക്കി

single-img
12 December 2017

കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകുന്നു. മഞ്ഞിനെ തുടര്‍ന്ന് പുലര്‍ച്ചെ അഞ്ചുമണി മുതല്‍ ഒരു വിമാനവും ലാന്‍ഡ് ചെയ്തിരുന്നില്ല. രാവിലെ എട്ടരയോടെയാണ് വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുമതി ലഭിച്ചത്.

നിലവില്‍ നാല്‍പതോളം വിമാനങ്ങളാണ് ലാന്‍ഡിങ് അനുമതി കാത്തിരിക്കുന്നത്. പുക മഞ്ഞിനെ തുടര്‍ന്ന് രണ്ടുവിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

അതിനിടെ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മുംബൈ ലണ്ടന്‍ വിമാനം സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനില്‍ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാള്‍ ട്വീറ്റ് ചെയ്തു.

എന്‍ജിനീയര്‍മാര്‍ പ്രശ്‌നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാര്‍ക്കു നേരിട്ട തടസ്സത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഇറാന്റെ വ്യോമമേഖലയില്‍ വെച്ചാണ് തകരാര്‍ അനുഭവപ്പെട്ടത്. നേരത്തെ, മുംബൈയില്‍ നിന്ന് മൂന്നു മണിക്കൂര്‍ വൈകി ഇന്നലെ വൈകിട്ട് 5.14ന് ആണ് വിമാനം പുറപ്പെട്ടത്.