അനുഷ്‌ക ഇനിയും അഭിനയിക്കും: മുംബൈയിലേക്ക് താമസം മാറ്റാനൊരുങ്ങി കോഹ്ലി

single-img
12 December 2017ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്‌കനില്‍ വച്ചാണ് കഴിഞ്ഞ ദിവസം ബോളിവുഡിന്റെ പ്രിയനടിയും കാമുകിയുമായ അനുഷ്‌ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി താലിചാര്‍ത്തിയത്. ഇതോടെ താരജോഡികള്‍ക്ക് ആശംസാപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍.

വിവാഹ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ അനുഷ്‌കയുടെ വധുവിന്റെ വേഷത്തിലുള്ള ചിത്രം കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ വിരാടും അനുഷ്‌കയും തങ്ങളുടെ ട്വിറ്റര്‍ പേജില്‍ വിവാഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു.

മുഗള്‍ രാജകുമാരിമാരെ പോലെ സുന്ദരിയായി അനുഷ്‌ക എത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എത്തിയത് തലപ്പാവ് അണിഞ്ഞ് യുവരാജാവിന്റെ വേഷത്തിലും. ഇരുവരുടെയും വസ്ത്രങ്ങള്‍ അണിയിച്ചൊരുക്കിയത് സബ്യസാചിയാണ്. പെയിന്‍ പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് അനുഷ്‌ക ധരിച്ചത്.

സബ്യസാചിയുടെ തന്നെ ആഭരണങ്ങള്‍ കൂടി ധരിച്ചതോടെ കോലിയുടെ വധു കൂടുതല്‍ സുന്ദരിയായി. അണ്‍കട്ട് ഡയമണ്ടും, പേളും ചേര്‍ത്തുനിര്‍മിച്ച ആഭരണങ്ങള്‍ ലെഹങ്കയ്ക്ക് യോജിച്ചതായിരുന്നു. വിവാഹ നിശ്ചയം, മെഹന്ദിസംഗീത് തുടങ്ങി എല്ലാ ചടങ്ങുകള്‍ക്കും സബ്യസാചിയാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

മെഹന്തിയ്ക്ക് മള്‍ട്ടികളര്‍ ലെഹങ്ക അണിഞ്ഞപ്പോള്‍, വിവാഹ നിശ്ചയത്തിന് മെറൂണ്‍ നിറത്തിലുള്ള സാരിയും സ്ലീവ് ലെസ് ബ്ലൗസുമാണ് ധരിച്ചത്. ഐവറി കളറിലുള്ള ഷെര്‍വാണിയും തലപ്പാവും ധരിച്ചാണ് വിരാട് അനുഷ്‌കയുടെ കഴുത്തില്‍ മിന്നുചാര്‍ത്താനെത്തിയത്.

അനുഷ്‌ക തലയില്‍ ചൂടിയപൂവും ഇരുവരും പരസ്പരം ചാര്‍ത്തിയ മാലകളും ഇളം പിങ്ക് റോസാപ്പൂക്കളില്‍ തീര്‍ത്തവയായിരുന്നു. 26 ന് ഇരുവരും ചേര്‍ന്ന് മുംബൈയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇനി റിസപ്ഷന്‍ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍

അതിനിടെ വിവാഹ ശേഷം സിനിമയോട് വിടപറയുന്ന നായികമാര്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായി കോലിയുടെ ഉറച്ച പിന്തുണയോടെ അനുഷ്‌ക വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനത്തോടെ ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഡല്‍ഹിയിലാണ് വിരാട് കോലി കുടുംബസമ്മേതം താമസിയ്ക്കുന്നത്.