എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: 1300 ബ്രാഞ്ചുകളുടെ പേരും ഐഎഫ്എസ്‌സി കോഡും മാറ്റി

single-img
11 December 2017

മുംബൈ: അഞ്ച് അസോസിയറ്റ് ബാങ്കുകളുമായുള്ള ലയനത്തിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 1300 ഓളം ബ്രാഞ്ചുകളുടെ പേരും ഐ.എഫ്.എസ്.സി കോഡും മാറ്റി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നോ, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളിലെ ബ്രാഞ്ചുകളിലാണ് മാറ്റം വരുത്തിയത്.

ഐ.എഫ്.എസ്.സി കോഡിലെ മാറ്റം ഉപഭോക്താക്കളെ അറിയിക്കും. എന്നാല്‍, പഴയ കോഡ് വെച്ച് ഇടപാട് നടത്തുകയാണെങ്കില്‍ ബാങ്ക് തന്നെ പുതിയ ഐ.എഫ്.എസ്.സിയായി അത് മാറ്റുമെന്നും ഉപഭോക്താക്കള്‍ക്ക് ഇതു മൂലം ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്നും ബാങ്ക് മാനേജിങ് ഡയറക്ടര്‍ പ്രവീണ്‍ ഗുപ്ത അറിയിച്ചു.

മാറ്റിയ കോഡ് സംബന്ധിച്ച വിവരങ്ങള്‍ എസ്.ബിഐയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്ന ഐ.എഫ്.എസ്.സി 11 അക്ക കോഡാണ്. ആര്‍.ബി.ഐ നിയന്ത്രണത്തില്‍ പണമിടപാട് നടത്തുന്ന ബാങ്കുകളെ തിരിച്ചറിയുന്നതിനാണ് ഈ കോഡ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ അന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ എന്നീ അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയി
പ്പിച്ചത്. ഇതോടെ 23000 ബ്രാഞ്ചുകളായി വളര്‍ന്ന എസ്ബിഐ ലോകത്തെ വലിയ ബാങ്കുകളുടെ പട്ടികയില്‍ അദ്യ 50ല്‍ ഇടം പിടിച്ചു.