സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി: തിയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്നത് 35 വര്‍ഷത്തിന് ശേഷം

single-img
11 December 2017

റിയാദ്: 35 വര്‍ഷത്തിന് ശേഷം സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് അനുമതി. 2018 മുതല്‍ രാജ്യത്ത് സിനിമ തിയേറ്ററുകള്‍ തുറക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുതിയ തിയേറ്റര്‍ ആരംഭിക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.

ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ രാജ്യത്ത് തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികളിലേക്ക് കടന്നുകഴിഞ്ഞെന്ന് വാര്‍ത്ത വിതരണസാംസ്‌കാരിക വകുപ്പ് മന്ത്രി അവ്വാദ് ബിന്‍ സാലെ അലവാദ് പറഞ്ഞു. സിനിമ തിയേറ്ററുകള്‍ തുറക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകും.

സാംസ്‌കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്‌ക്രീനുകള്‍ നിര്‍മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്. മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്.

‘2018 ആദ്യം തന്നെ വാണിജ്യസിനിമാ പ്രവര്‍ത്തനങ്ങള്‍ സൗദിയില്‍ തുടങ്ങും. 1980കളിലാണ് സാംസ്‌കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്നു പറഞ്ഞ് സൗദിയിലെ തിയറ്ററുകള്‍ക്ക് വിലക്കു വരുന്നത്. അതിനാല്‍ത്തന്നെ ഇപ്പോഴും കാര്യമായ വളര്‍ച്ചയില്ലാതെ തുടരുന്ന സൗദിയിലെ ചലച്ചിത്ര നിര്‍മാണത്തിനും ഊര്‍ജം പകരുന്നതാണു പുതിയ തീരുമാനം.

2013ല്‍ സൗദിയില്‍ നിന്ന് ഇതാദ്യമായി ഓസ്‌കര്‍ പുരസ്‌കാരത്തിന് ഔദ്യോഗികമായി ‘വായ്ജ്ദ’ എന്ന ചിത്രമയച്ചിരുന്നു. എണ്ണയ്ക്കു പുറമേ മറ്റ് സാമ്പത്തിക സ്രോതസ്സുകള്‍ തേടുന്ന സാഹചര്യത്തിലും ചലച്ചിത്രവ്യവസായം ഇനി ഏറെ സഹായകരമാകും.

2400 കോടി ഡോളറിന്റെ അധികവരുമാനമാണ് ഇതിലൂടെ സൗദി പ്രതീക്ഷിക്കുന്നത്. മുപ്പതിനായിരത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എന്നാല്‍ നിലവില്‍ പൊതുഇടങ്ങളില്‍ തുടരുന്ന ചില നിയന്ത്രണങ്ങള്‍ സിനിമാതിയറ്ററുകളുടെ കാര്യത്തിലും ഉണ്ടാകുമെന്നാണു സൂചന.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഇടങ്ങളിലായിരിക്കും സീറ്റ്. കുടുംബങ്ങള്‍ക്കും പ്രത്യേക മേഖലയുണ്ടാകും. സൗദിയിലെ സാമൂഹിക അവസ്ഥകളില്‍ നിര്‍ണായക മാറ്റങ്ങളാണ് പുതിയ തീരുമാനത്തോടെ ഉണ്ടാകാനിരിക്കുന്നത്. സിനിമ പാപമാണെന്നും അശ്ലീലമാണെന്നും വിശ്വസിക്കുന്ന യാഥാസ്ഥിതികരുടെ വാദങ്ങളെ പിന്തള്ളിയാണ് പുതിയ തീരുമാനം.

എങ്കിലും പല ഭാഗങ്ങളില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കും കുറവില്ല. നിലവിലെ സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. സമീപകാലത്ത് സംഗീതപരിപാടികള്‍ സംഘടിപ്പിച്ചും സൗദി മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

കോമിക് കഥാപാത്രങ്ങളെപ്പോലെ വേഷം ധരിച്ചുള്ള ഫെസ്റ്റിവലും ജനങ്ങള്‍ക്കായി നടത്തി. ദേശീയദിനാചരണത്തിന്റെ ആഘോഷപരിപാടികളിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ലോകോത്തര നിലവാരമുള്ള ഓപറ ഹൗസ് നിര്‍മിക്കുമെന്നും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ജൂണ്‍ മുതല്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അധികാരവും സൗദി നല്‍കുകയാണ്.