ബോളിവുഡ് നടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

single-img
11 December 2017

മുംബൈ: ബോളിവുഡ് നടി സൈറ വസീമിന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വികാസ് സച്‌ദേവ് എന്ന 39കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അനില്‍ കുംഭാരെ അറിയിച്ചു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റം തടയുന്നതിനുള്ള പോക്‌സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടു.

സീറ്റിന് പിന്നിലിരുന്ന വ്യക്തി താന്‍ പാതിയുറക്കത്തിലായിരിക്കുമ്പോള്‍ കാലുകൊണ്ട് പിന്നില്‍നിന്ന് കഴുത്തുവരെ ഉരസി അപമാനിച്ചുവെന്നാണ് താരത്തിന്റെ ആരോപണം. താന്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല്‍ കാണാന്‍ കഴിഞ്ഞതെന്നു ഇന്‍സ്റ്റഗ്രാമില്‍ സൈറ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വെളിപ്പെടുത്തി.

കരഞ്ഞുകൊണ്ടാണ് നടി സംഭവങ്ങള്‍ വിശദീകരിച്ചത്. പിന്നിലിരുന്നയാള്‍ അതിക്രമത്തിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലൂടെ സൈറ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. വീഡിയോ ശ്രദ്ധയില്‍പെട്ടതായും പീഡനത്തിനു ശ്രമിച്ചയാളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും എയര്‍ വിസ്താര അറിയിച്ചു.

അക്രമിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചമായതിനാല്‍ ഇതിനും സാധിച്ചില്ല. ഇത്തരം സംഭവം വച്ചുപൊറുപ്പിക്കില്ലെന്നും സൈറയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

https://www.instagram.com/p/Bcf4EgeA4P6/