‘സാഹചര്യത്തിനനുസരിച്ച് ധോനിക്ക് ബാറ്റു ചെയ്യാനറിയാം; പക്ഷേ പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയി’

single-img
11 December 2017

ശ്രീലങ്കയ്‌ക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കളിക്കാരുടെയെല്ലാം കണ്ണു തുറപ്പിക്കുന്ന മത്സരമായിരുന്നു അതെന്ന് രോഹിത് വ്യക്തമാക്കി. എഴുപതോ എണ്‍പതോ റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനേ.

നിര്‍ഭാഗ്യവശാല്‍ ചെറിയ സ്‌കോറാണ് നേടാനായത്. ഇത്തരമൊരു സാഹചര്യത്തെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഈ തോല്‍വി എല്ലാവരുടേയും കണ്ണു തുറപ്പിക്കുമെന്നും രോഹിത് വ്യക്തമാക്കി.

ധോനിയുടെ പ്രകടനത്തെ രോഹിത് അഭിനന്ദിച്ചു. സാഹചര്യത്തിനനുസരിച്ച് ധോനിക്ക് ബാറ്റു ചെയ്യാനറിയാമെന്നും പക്ഷേ പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വെല്ലുവിളി മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക മറികടന്നത്. ഇതോടെ ഏകദിന പരമ്ബരയില്‍ ലങ്ക 10 ന് മുന്നിലെത്തി.