മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ്: ‘മനുഷ്യാവകാശത്തിന് ഒരു വിലയും ഇല്ലേ’

single-img
11 December 2017

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ആര്‍ എം ലോധ. പശുസംരക്ഷണത്തിന്റെയും ലൗ ജിഹാദിന്റെയും പേരില്‍ രാജ്യത്ത് ജനങ്ങള്‍ കൊല്ലപ്പെടുകയാണെന്നും മനുഷ്യാവകാശത്തിന് ഒരു വിലയും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.

നിയമങ്ങളും ശക്തമായ ജുഡീഷ്യറിയും ഭരണഘടനയുമൊക്കെ ഉണ്ടായിട്ടും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ലെന്നും, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍ മതം ഘടകമാകേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.

അന്തര്‍ദേശീയ മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്യത്തെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും മനുഷ്യാവകാശ ലംഘനങ്ങളിലും ലോധ ഉത്കണ്ഠ പ്രകടിപ്പിച്ചത്. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കശാപ്പ് ചെയ്യപ്പെടുന്നു.

ലൗ ജിഹാദിന്റെ പേരില്‍ ദമ്പതികള്‍ കൊല്ലപ്പെടുന്നു. കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളുടെ പേരില്‍ തലവെട്ടുമെന്ന ഭീഷണിക്ക് ഇരയാകുന്നു. ആക്ടിവിസ്റ്റുകളെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കുന്നു. എന്നാല്‍, കുറ്റക്കാര്‍ പിടിക്കപ്പെടുന്നില്ലെന്നും ലോധ പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉദാസീനതയുണ്ടെന്നും ഈ പ്രശ്‌നങ്ങള്‍ എല്ലാ ദിവസവും തന്നെ അലട്ടുകയാണെന്നും ലോധ കൂട്ടിച്ചേര്‍ത്തു.