രഞ്ജിട്രോഫി ക്വാര്‍ട്ടറില്‍ കേരളം തകര്‍ന്നടിഞ്ഞു: 412 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി

single-img
11 December 2017

ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയെങ്കിലും രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയോട് കനത്ത തോല്‍വി ഏറ്റുവാങ്ങി കേരളം പുറത്തായി. 413 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് വിദര്‍ഭ രഞ്ജിയില്‍ അവസാന നാല് സ്ഥാനക്കാരില്‍ അംഗമായത്.

578 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം രണ്ടാം ഇന്നിങ്‌സില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിനൊഴികെ മറ്റാര്‍ക്കും കേരള നിരയില്‍ ശോഭിക്കാനായില്ല. 104 പന്തുകര്‍ നേരിട്ട സല്‍മാന്‍ നാലു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടെ 64 റണ്‍സെടുത്ത് പുറത്തായി.

16.2 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സര്‍വതെയാണ് കേരളത്തെ തകര്‍ത്തത്. വിദര്‍ഭ ഉയര്‍ത്തിയ 578 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ കഴിയില്ലെന്ന് നേരത്തെ ഉറപ്പായെങ്കിലും സമനിലയോടെ മത്സരം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഈ പ്രതീക്ഷകളെയും വിദര്‍ഭ എറിഞ്ഞൊതുക്കി.

സീസണില്‍ കേരളത്തിന്റെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ഇതരസംസ്ഥാന താരം ജലജ് സക്‌സേന ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ ‘സംപൂജ്യ’നായി മടങ്ങിയപ്പോള്‍ തന്നെ കേരളത്തിന്റെ വിധി വ്യക്തമായിരുന്നു. സഞ്ജു സാംസണ്‍ 18 റണ്‍സെടുത്തും ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 26 റണ്‍സെടുത്തും പുറത്തായി.

രോഹന്‍ പ്രേം 13 റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ (28), അരുണ്‍ കാര്‍ത്തിക് (മൂന്ന്), ബേസില്‍ തമ്പി (0), അക്ഷയ് ചന്ദ്രന്‍ (0), നിധീഷ് എം.ഡി (ആറ്), സന്ദീപ് വാരിയര്‍ (നാല്) എന്നിങ്ങനെയാണ് മറ്റു പ്രധാന താരങ്ങളുടെ പ്രകടനം.

സ്‌കോര്‍: വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സ് 246, രണ്ടാം ഇന്നിംഗ്‌സ് 509/9 ഡിക്ലയേര്‍ഡ്. കേരളം ഒന്നാം ഇന്നിംഗ്‌സ് 175, രണ്ടാം ഇന്നിംഗ്‌സ് 165.

തോറ്റെങ്കിലും കേരളത്തിന് അഭിമാനമാണ് ഈ രഞ്ജി ട്രോഫി. ഗ്രൂപ്പ് ഘട്ടത്തില്‍ രാജസ്ഥാനുള്‍പ്പെടെയുള്ള വമ്പന്‍ ടീമുകളെ തോല്‍പിച്ചാണ് കേരളം നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയത്. കഴിവുളള ഒരു പിടി താരങ്ങളെയും ക്രിക്കറ്റ് ലോകത്തിന് സമ്മാനിക്കാനായി. സഞ്ജുവിന്റെയും ബേസില്‍ തമ്പിയുടെയും പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിക്കാനായി. ഇതില്‍ തമ്പി ശ്രീലങ്കന്‍ പരമ്പരക്കുള്ള ടി20 ടീമില്‍ ഇടം നേടുകയും ചെയ്തു. ജലജ് സക്‌സേനയുടെ പ്രകടനവും ശ്രദ്ധേയമായി.