കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ അമരക്കാരന്‍: രാഹുല്‍ ഗാന്ധി അധ്യക്ഷന്‍; ചരിത്രമുഹൂര്‍ത്തമെന്ന് കോണ്‍ഗ്രസ്

single-img
11 December 2017

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയായിരുന്നു.

16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും. 19 വര്‍ഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണു കോണ്‍ഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി.

All India Congress Committee's Central Election Authority officially announces Rahul Gandhi as the President of the Indian National Congress. #CongressPresidentRahulGandhi

Posted by Indian National Congress on Monday, December 11, 2017

ഇതോടെ, കോണ്‍ഗ്രസില്‍ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ചരിത്രമുഹൂര്‍ത്തമാണ് ഇതെന്ന് തിരഞ്ഞെടുപ്പുസമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 

ആരാണ് രാഹുല്‍..?

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പ്രപൗത്രനും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ കൊച്ചുമകനും ഇന്ത്യയുടെ ഏറ്റവും പ്രയാം കുറഞ്ഞ പ്രധാനമന്ത്രിയുടെ മകനുമാണ് രാഹുല്‍ ഗാന്ധി. 1984ല്‍ മുത്തശ്ശി ഇന്ദിരാ ഗാന്ധി വെടിയേറ്റുമരിക്കുമ്പോള്‍ രാഹുലിന് പ്രായം പതിനാല്.

അതോടെ സ്‌കൂള്‍ വിദ്യാഭ്യാസം വീടിനകത്തായി. കാരണം സുരക്ഷ തന്നെ. പിന്നീടൊരിക്കല്‍ രാഹുല്‍ പറഞ്ഞു. ‘എന്റെ മുത്തശ്ശി മരിക്കുന്നതിനു മുന്‍പ് എന്നെ കണ്ണാടിക്കരികിലേക്കു കൊണ്ടുപോയിട്ട് പറഞ്ഞു; രാജാ ബേഠാ, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ കരയരുത്’ എന്ന്.

1991ല്‍ പിതാവ് രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോള്‍ രാഹുലിന് പ്രായം 21, അന്ന് വിദേശത്ത് പഠിക്കുകയാണ് രാഹുല്‍. രാഷ്ട്രീയം പാരമ്പര്യമാണെങ്കിലും മുത്തശ്ശിയുടെയും അച്ഛന്റെയും രക്തസാക്ഷിത്വം രാഹുലിനെ അസ്വസ്ഥനാക്കിയിട്ടുണ്ടാവും. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലേക്ക് വന്നത് വൈകിയുമാണ്.

1998മുതല്‍ കോണ്‍ഗ്രസിനെ നയിക്കുന്ന അമ്മ സോണിയാ ഗാന്ധിക്ക് താങ്ങും തണലുമായി രാഹുല്‍ ഉണ്ടായിരുന്നെങ്കിലും തീരുമാനങ്ങള്‍ മുതിര്‍ന്ന തലമുറ തന്നെയാണ് കൈക്കൊണ്ടത്. അമേരിക്കയിലെ പ്രഭാഷണ പരമ്പരയും ഗുജറാത്തിലെ നവസര്‍ജന്‍ യാത്രയും ട്വീറ്റുകളും പ്രസംഗങ്ങളും ആയി രാഹുലിനെ ജനം ഇപ്പോള്‍ സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.