മിന്നലാക്രമണത്തിന് എന്തുകൊണ്ട് മന്‍മോഹന്‍ ധൈര്യം കാട്ടിയില്ലെന്ന് പ്രധാനമന്ത്രി: മോദി നടത്തുന്നത് സ്വയം പുകഴ്ത്തല്‍ മാത്രമെന്ന് രാഹുല്‍ഗാന്ധി

single-img
11 December 2017

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനില്‍ മിന്നലാക്രണം നടത്താന്‍ സൈന്യം തയ്യാറായിരുന്നിട്ടും അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് അതിന് ധൈര്യം കാണിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

രണ്ടാംഘട്ട പ്രചാരണത്തിനായി ഗുജറാത്തിലെ വഡോദരയില്‍ എത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈ ആക്രമണത്തിനുശേഷം മിന്നലാക്രമണം നടത്താനുള്ള പദ്ധതിയുമായി വ്യോമസേന മന്‍മോഹന്‍ സിങ്ങിനെ കണ്ടിരുന്നു.

എന്നാല്‍ അന്ന് അത്തരമൊരു ഉത്തരവിടാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടിയില്ല. ആരുടെ ഉപദേശത്താലാണു മന്‍മോഹന്‍ അന്ന് ഉത്തരവിടാഞ്ഞത്. വ്യോമസേനയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉറിയില്‍ പാക്ക് ഭീകരര്‍ നടത്തിയ ആക്രമണത്തിനുപിന്നാലെ ഇന്ത്യ നടത്തിയ മിന്നലാക്രമണം ഉദാഹരണമായി കാട്ടിയാണു മോദി വിമര്‍ശനം അഴിച്ചുവിട്ടത്.

പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്നാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. നിരവധി ഭീകര ക്യാംപുകളും ലോഞ്ച് പാഡുകളും തകര്‍ത്തു. പാക്കിസ്ഥാന് അപ്രതീക്ഷിത പ്രഹരമായിരുന്നു അത്. മറുഭാഗത്ത് പരമാവധി നാശനഷ്ടങ്ങളുണ്ടാക്കി തിരിച്ചെത്തിയ സേനയ്ക്ക് യാതൊരു കുഴപ്പങ്ങളും പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിന്നലാക്രമണത്തെക്കുറിച്ച് സംശയമുന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെയും മോദി ചോദ്യം ചെയ്തു. അത്തരം രഹസ്യകാര്യങ്ങള്‍ പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? ഇതാണ് എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. താന്‍ വഡോദര ലോക്‌സഭാ സീറ്റ് 2014ല്‍ ഉപേക്ഷിച്ചതു ‘താമര’ ഉത്തര്‍പ്രദേശില്‍ വിരിഞ്ഞതിനാലാണ്. ഗുജറാത്ത് മോഡല്‍ വികസനം യുപിയിലും നടപ്പാക്കുന്നതിനായിരുന്നു രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം പുകഴ്ത്തല്‍ മാത്രമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് മോദിയുടേതോ രാഹുലിന്റേതോ അല്ല ഗുജറാത്തിലെ ജനങ്ങളുടെ ഭാവി സംബന്ധിച്ചതാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

‘മോദിജിയുടെ പ്രസംഗം ഞാന്‍ ഇന്നലെ കേട്ടു. അദ്ദേഹത്തെക്കുറിച്ച് മാത്രമാണ് 90 ശതമാനം വാക്കുകളും. തിരഞ്ഞെടുപ്പ് എന്നത് എന്നെയോ മോദിജിയെയോ സംബന്ധിച്ചതല്ല. അത് കോണ്‍ഗ്രസ്സിനെയോ ബിജെപിയെയോ സംബന്ധിച്ചതുമല്ല. അത് ഗുജറാത്തിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ളതാണ്’.

മോദി തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് തുടരുകയാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചു. പ്രധാനമന്ത്രി തന്നെപ്പറ്റി എന്തൊക്കെ പറഞ്ഞാലും താനത് കാര്യമാക്കുന്നില്ല, പ്രധാനമന്ത്രി പദത്തോട് തനിക്ക് ബഹുമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

മോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തു. വിജയിക്കാന്‍ അത്തരം നീക്കങ്ങള്‍ ആവശ്യമില്ലെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സ്‌നേഹം കൊണ്ട് കോണ്‍ഗ്രസ്സിന് വിജയിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.